കാടും കല്പടികളും കടന്ന് ഹരിഹർ കോട്ടയിൽ

Give your rating
Average: 4.3 (3 votes)
banner
Profile

Muhammed sahad salih

Loyalty Points : 400

Total Trips: 11 | View All Trips

Post Date : 22 Dec 2021
7 views

#Harihar_Fort

ഒരു സ്വപ്ന യാത്രയാണ്. ട്രെക്കിങ്ങ് ഒരു ഇഷ്ട വിനോദം ആയതിനു ശേഷം എന്നോ ഒരിക്കൽ മനസ്സിൽ പതിഞ്ഞ ഹരിഹർ ഫോർട്ടെന്നും , ഹരിഹർ കില എന്നും ഹർഷ് ഘട്‌ എന്നും വിളിപ്പേരുള്ള മലമുകളിലെ കോട്ട കാണാനുള്ള  ഒരു യാത്ര. മൺസൂൺ ന്റെ വരവിനായി കാത്തിരിക്കുന്നു എങ്കിലും കോവിഡ് നിയന്ത്രണങ്ങൾ യാത്രക്ക് പലപ്പോളും തടസ്സമായി നിന്നു. തെക്ക് പടിഞ്ഞാറ് മൺസൂണിന്റെ അവസാന നാളുകളിൽ പ്രിയ സഞ്ചാരി സുഹൃത്തുക്കളായ സൂജീഷ് ചേട്ടനും മുഹമ്മദ് ഉനൈസ് ഇക്കയും പങ്കുവെച്ച ഹരിഹർ ഫോർട്ട് ചിത്രങ്ങൾ കണ്ടതിൽ പിന്നെ ഹരിഹർ ഫോർട്ട് യാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങുകയായി.. പ്രതീക്ഷിച്ചതിലും താമസിച്ചാണ് യാത്ര തുടങ്ങിയത് തെക്ക് പടിഞ്ഞാറൻ മൺസൂൺ സീസൺ അവസാനിച്ചു. മഹാരാഷ്ട്ര യില് വരണ്ട കാലാവസ്ഥ ആരംഭിച്ചു എന്ന് സുജീഷ് ചേട്ടൻ അറിയിച്ചു. മഴയത്ത് കോട്ടയുടെ പടികൾ കയറുമ്പോൾ ഇടാൻ ബാഗിൽ വെച്ച മഴക്കോട്ട് തിരികെ എടുത്ത് മാറ്റി. ഒക്ടോബർ 24 ന് 11 മണിക്ക് തന്നെ ആലുവയിൽ നിന്നും മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ല് നാസിക് ലക്ഷ്യമാക്കി യാത്ര തുടർന്നു. കൂട്ടിന് എന്റെ പ്രിയ യാത്ര പങ്കാളി ജമിയും അവളുടെ അനുജൻ സാംസണും.. 

ട്രെയിൻ പതിയെ നിർത്തി നിരങ്ങി മുൻപോട്ട് പോകുന്നു.
ചായയും കാപ്പിയും വടയും വെള്ളവും വിൽക്കുന്ന ജീവനക്കാരുടെ ശബ്ദവും, ട്രെയിനിന്റെ താളവും  ചൂളം വിളിയും കേട്ട് പാലവും പുഴയും പാടവും കാടും നഗരവും താണ്ടി ഞങ്ങൾ യാത്ര തുടർന്നു. ഉച്ചക്ക് കഴിക്കാൻ കൂട്ടുകാരി കൊണ്ട് വന്ന എന്തൊക്കെയോ ചേർത്ത സ്വാദുള്ള ചോറും മധുരം നിറഞ്ഞ അച്ചാറും ചേർത്ത് വയറു നിറയെ കഴിച്ച് വിശപ്പടക്കി. കണ്ടൽ കാടുകൾ നിറഞ്ഞ കടലുണ്ടിയും , മയ്യഴി പുഴ കടന്നു മാഹിയും സൂര്യാസ്തമയ കാഴ്ചകൾ കാണിച്ചു കാസർഗോഡ് ലെ പേരറിയാത്ത ബീച്ചും വർണ കാഴ്ചകൾ ഒരുക്കുന്നു. യാത്രയിലുടനീളം എന്റെ കൂട്ടുകാരിയോട് എന്തൊക്കെയോ നുണകൾ പറഞ്ഞു രസിപ്പിക്കുന്ന തിരക്കിലാണ് ഞാൻ.. നേരം ഇരുണ്ടു.. എല്ലാവരും ഉറങ്ങാനുള്ള തിടുക്കത്തിൽ ആണ്. രാവിലെ കൊണ്ട് വന്ന ചപ്പാത്തി ജാമും ചേർത്ത് കഴിക്കുകയാണ് ഞങൾ . കൊങ്കൺ പാത കാണാനുള്ള ആഗ്രഹവും മനസ്സിലുണ്ട്. എന്നാൽ  ട്രെയിൻ രാത്രിയിലാണ് പാതയിലൂടെ കടന്നു പോകുന്നത് എന്ന് പിന്നെയാണ് മനസ്സിലാക്കിയത്.. കണ്ണടച്ച് കിടന്നത് മാത്രമേ ഓർമയുള്ളു. രാവിലെ ലോക്കോ പൈലറ്റിന്റ ബ്രേക്ക് പിടുതത്തിൽ ആണ് ഞെട്ടി എണീക്കുന്നത്. എതിർ വശത്തുള്ള ജാലകത്തിലൂടെ പാതിയടഞ്ഞ എന്റെ കണ്ണുകൾ  പുറത്തെ കാഴ്ചകളിലേക്ക് നീങ്ങി. ചുവപ്പ് നിറം പൂഷിശ ട്രെയിൻ ബോഗിയിൽ പ്രഭാത സൂര്യ കിരണങ്ങൾ തട്ടി സുവർണ നിറം പരത്തിയിരിക്കുന്നു. മംഗള അവളുടെ യാത്രയിൽ അല്പം ഉഴപ്പ്‌ കാണിച്ചത് കൊണ്ടാകാം നേരം പുലരും മുമ്പേ കൊങ്കൺ പാത കടന്നു പോകേണ്ട ട്രെയിൻ ഇത് വരെ യാത്ര പൂർത്തിയാക്കിയിട്ടില്ല. കൊങ്കൺ പാതയുടെ പ്രധാന ദൃശ്യ വിസ്മയങ്ങൾ ഇരുട്ടിൽ മറഞ്ഞെങ്കിലും കുറച്ചൊക്കെ ഞങ്ങൾക്ക് കാണാൻ ബാക്കി വെച്ചിട്ടുണ്ട് അവൾ.. ഇരു വശവും തിങ്ങി നിറഞ്ഞ ഹരിത വനങ്ങൾ തന്നെ. അവക്ക് ഇടയിലൂടെ കുത്തി ഒലിക്കുന്ന കാട്ടരുവിയും അതിന് മുകളിൽ പറന്നു നടക്കുന്ന കുസൃതി കുരുവികൂട്ടങ്ങളും അതിനും മുകളിൽ വലിയൊരു പാലത്തിലൂടെ കാഴ്ചകളെ പിന്നിലാക്കി ഓടുന്ന ട്രെയിനും. ദൂരേ ആനക്കൂട്ടം എന്ന് തോന്നിക്കുന്ന കറുത്തിരുണ്ട പാറകെട്ടും.

കൂകി പാഞ്ഞ് എത്തുന്ന മംഗളയെ പെട്ടെന്ന് ഒരു തുരങ്കം വിഴുങ്ങി കളഞ്ഞു. കുറെ ദൂരം ഇരുട്ടിലൂടെ ട്രെയിൻ അതിവേഗം കുതിക്കുന്നു. ഇടക്ക് ചെറുതായി തുരങ്കത്തിൽ നിന്നും പുറത്തു വന്നെങ്കിലും വീണ്ടും അടുത്ത തുരങ്കത്തിലേക്ക്. എത്രയോ കിലോ മീറ്റർ അങ്ങനെ കടന്നു പോയി. ഇതെല്ലാം കണ്ട് സന്തോഷം പങ്കിടുകയാണ് എന്റെ കൂട്ടുകാരിയും അനുജനും. അങ്ങനെ മനോഹരമായ കാഴ്ചകൾ കണ്ട് കഴിഞ്ഞു. ആളുകൾ ഉണർന്നു തുടങ്ങി. ട്രെയിനിലെ വെള്ളം എല്ലാം തീർന്നിരിക്കുന്നു. ആളുകൾ പല കമ്പാർട്ട്മെന്റിലും കയറി ഇറങ്ങുന്നുണ്ട്. ചായയും കോഫിയും ആയി വരുന്ന ജീവനക്കാർ സ്ഥിര കാഴ്ചകൾ തന്നെ.. മനസ്സില്ല മനസ്സോടെ ഞങ്ങളും വാങ്ങി ഓരോ കോഫി, ഇന്ത്യയിൽ ട്രെയിനിൽ മാത്രം ലഭിക്കുന്ന പ്രത്യേക തരം കോഫിയും ചായയും .  അവരെ അനുകരിച്ചു പാനി പാനി എന്ന് തമാശക്ക് പറയുന്നുണ്ട് കൂട്ടുകാരി.. കൊങ്കൺ പാതയെ പറ്റി പറഞ്ഞു കൊടുക്കാൻ ഞാൻ ശ്രമിക്കുന്നു എങ്കിലും അവൾ‌ പുറത്തെ കാഴ്ചകൾ കണ്ട് രസിക്കുകയാണ്.  പാതിരാത്രി സമയത്ത് ഏതോ ഒരാള് കോഫീ എന്ന് വിളിച്ചു കൊണ്ട് പോയത് രാത്രിയിൽ ചെറുതായി എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തിയിരിന്നു,  രാത്രിയിൽ ആണോടെ നിന്റെ ചായ കച്ചവടം എന്ന് ഞാൻ ഉറക്കത്തിൽ ആലോചിരുന്നു.അതോർത്ത് എനിക്ക് ഇടക്ക് ചിരിയും വരുന്നുണ്ട്.

ചുറ്റും മഞ്ഞിൽ മൂടിയ ദൃശ്യങ്ങൾ മാത്രം. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ കാഴ്ചകൾ ഒക്കെ മാറി തുടങ്ങി. ചുറ്റും വരണ്ട പ്രദേശങ്ങൾ മാത്രം. ചോളവും , കാബേജും പരുത്തിയും കൃഷി ചെയ്യുന്ന കൃഷിയിടങ്ങൾ അതങ്ങനെ മാറി മാറി കാഴ്ചയിൽ കടന്നു വരുന്നു. അടുത്തൊന്നും മഴ പെയ്ത ലക്ഷണം ഒന്നും ഇല്ല. എങ്ങും ഉണങ്ങിയ പുൽനാമ്പുകൾ. ഇതിനിടയിലാണ് കമ്പാർട്ട്മെന്റ് ലേക്ക് ട്രാൻസ്ജെൻഡർ സിന്റെ വരവ്. കൈ കൊട്ടി അവർ 10 രൂപ നൽകാൻ യാത്രക്കാരോട് ആവശ്യപ്പെടുന്നു. അവരുടെ കണ്ണ് വെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചു എങ്കിലും ഒരാൾ എന്നെ പിടികൂടി.. ഞാൻ മുടി വെട്ടിയ രീതിയും വസ്ത്ര ധാരണയും 6 അടിയിൽ അധികം ഉയരം ഉള്ളത് കൊണ്ടാകാം ആ സഹോദരി എന്നോട് ആപ് ആർമി മാൻ ഹെ എന്നൊരു ചോദ്യം.. യെസ് എന്ന് ഞാൻ അറിയാതെ തന്നെ മറുപടി നൽകുകയും ചെയ്തു. ജീവിതത്തിൽ ഏറ്റവും അധികം സ്വപ്നം കണ്ട ജോലിയെ പറ്റി വീണ്ടും ആലോചിച്ചു വിഷമം തോന്നിയ നിമിഷം ..  പട്ടാളക്കാരൻ ആണെന്ന മറുപടി കേട്ടതും ദേശ് ക്കാ ഹീറോ എന്നും പറഞ്ഞു എന്നോടൊരു പ്രത്യേക ബഹുമാനവും.. അവർക്കും എനിക്കും സന്തോഷം മാത്രം...

 വ്യത്യസ്തമായ പേരുകൾ ചാർത്തപ്പെട്ട റെയിൽവെ സ്റ്റേഷനു കളുടെ പേരുകൾ വായിക്കുന്ന തിരക്കിലാണ് എന്റെ ചങ്ങാതിമാർ. കസറ റെയിൽവെ സ്റ്റേഷനിൽ കഴുതകളെ ഉപയോഗിച്ച് ചരക്കുകുകൾ കൊണ്ട് പോകുന്നത് ഞാൻ ശ്രദ്ധിച്ചു. പുതുമയുള്ള കാഴ്ച തന്നെ . സാമു ഇടക്ക് ഓരോ സ്റ്റേഷനിലും ഇറങ്ങി ഫോട്ടോ എടുത്ത് സ്റ്റാറ്റസ് ഇടുന്ന തിരക്കിലാണ്, ഒരു കുസൃതി പയ്യനാണ് കക്ഷി . ഇടക്ക് വലിയ നെൽപ്പാടങ്ങൾ കാഴ്ച വിരുന്ന് ഒരുക്കുന്നു.

പാളത്തിന് സമാന്തരമായി ഹൈ വേ കാണാം.. അതിലൂടെ ചുമപ്പ് നിറത്തിലുള്ള മഹാരാഷ്ട്ര സ്റ്റേറ്റ് ബസ്സുകൾ കടന്നു പോകുന്നു. വലുതും ചെറുതുമായ കോളനികൾ , ചേരികൾ അവിടത്തെ ജീവിതം, വെയില് കൊണ്ട് നടക്കുന്ന പിഞ്ചു ബാല്യങ്ങൾ അങ്ങനേ പോകുന്നു കാഴ്ചകൾ.
ട്രെയിൻ പനവേൽ സ്റ്റേഷൻ അടുക്കുകയായി അങ്ങകലെ മനോഹരമായ കുന്നുകളും മലകളും കാണാം..
കർണാല ഫോർട്ട് എന്ന പ്രശ്തമായ ഒരു ഹിൽ സ്റ്റേഷനും ട്രെയിനിൽ ഇടതു ഭാഗത്ത് ഇരുന്നു കാണാം. മറ്റുള്ള മലകളെ അപേക്ഷിച്ച് കുത്തനെ വളരെ ഉയർന്നു നിൽക്കുന്നത് കൊണ്ട് തിരിച്ചറിയാൻ പ്രയാസമില്ല.  മനുഷ്യൻ ഓരോ വശവും ചെത്തി മിനുക്കിയ പോലെ തോന്നിക്കുന്ന പീഢഭൂമി പോലത്തെ മലനിര കാണുന്നു. അതിന് പല ഭാഗത്തും കാറ്റാടി പാടങ്ങൾ കാറ്റത്ത് പാറി പറക്കുന്നു. ചെറിയ കളിപ്പാട്ടം പോലെ ട്രക്കുകൾ മലഞ്ചെരുവിലെ പാതയിലൂടെ ഇഴഞ്ഞു നീങ്ങുന്നപോലെ എനിക്ക് അനുഭവപ്പെട്ടു. ഇതിനിടയിൽ മംഗള കൂകി പാഞ്ഞ് വലിയ പാലവും കടന്നു നീങ്ങുന്നു, ചുറ്റും കറുത്തിരുണ്ട പാറക്കെട്ടും അത് പൊട്ടിച്ചു നിരത്തി ഇട്ടിരിക്കുന്ന കാഴ്ചയും. പല രൂപത്തിലും ഭാവത്തിലും മലനിരകൾ സ്ഥിതിചെയ്യുന്നു. ഒട്ടുമിക്ക മലനിരയും ഒരു ചതുര കട്ടയുടെ രൂപം ആണെന്ന് ഞാൻ ശ്രദ്ധിച്ചു. വൈകിട്ട് 5 മണിയോടെ നാസിക് പട്ടണത്തിൽ ട്രെയിൻ എത്തി. വലിയ ബാഗും ചുമന്ന് സ്റ്റേഷൻ ന് പുറത്തിറങ്ങിയ ഞങ്ങളെ കണ്ടതും ഓട്ടോ റിക്ഷ കാരുടെ കൂട്ടം ഞങ്ങളെ പൊതിഞ്ഞു. നാസിക്കിൽ നിന്നും 29 കിലോമീറ്റർ അകലെയുള്ള ത്രിമ്പകേശ്വർ എന്ന സ്ഥലത്തേക്കാണ് ഞങ്ങൾക്ക് പോകേണ്ടത്. അവിടെ നിന്നാണ് ഹരിഹർ കോട്ട തേടിയുള്ള യാത്ര ആരംഭിക്കുക. ഓട്ടോ ഡ്രൈവർ മാർ 800 ഉം,  ഒരാൾക്ക് 300 ഉം, അങ്ങനെ പല ചാർജും ത്രിംബ കേഷ്വർ പോകാൻ പറയുന്നുണ്ട്. നാസിക് റെയിൽവെ സ്റ്റേഷൻ ഇറങ്ങി മുൻപിൽ കാണുന്നത് ബസ് സ്റ്റാൻഡ് ആണ്. അവിടെ നിന്നും ത്രിമ്പക് ലേക്ക് പോകുന്ന ബസ്സുകൾ വളരെ കുറവാണ്.  ബസ് സ്റ്റാൻഡിൽ നിന്നും നാസിക് മെയിൻ സെൻട്രൽ ബസ് സ്റ്റാൻഡ് ലേക്ക് ബസ് കയറുക (CBS main bus stand). അങ്ങോട്ട് ബസ്സുകൾ ലഭ്യമാണ് ആളൊന്നിന് 25 രൂപയാണ് CBS വരെ. അര മണിക്കൂർ യാത്രയുണ്ട് അങ്ങോട്ട്. ടാക്സി ഡ്രൈവർമാർ പല കള്ളങ്ങളും പറഞ്ഞു പറ്റിക്കാൻ നോക്കുന്നു ബസ് ഇല്ല എന്ന് വരെ പറയുന്നുണ്ട് ഞങ്ങളോട്. ഇടക്കിടക്ക് പോകേണ്ട വഴിയേ പറ്റി ഉനൈസ് ഇക്കയോട് വിളിച്ചു ചോദിക്കുന്നുണ്ട് ഞാൻ. നാസിക് പട്ടണത്തെ കാണുന്ന തിരക്കിലാണ് ഞാനിപ്പോൾ ചുറ്റും വലിയ കെട്ടിടങ്ങൾ മാത്രം. പഴ കച്ചവടക്കാരെ കൊണ്ട് നിറഞ്ഞ റോഡിന്റെ ഇരുവശവും അതിനിടയിൽ ബൈക്കിൽ തോന്നിയ പോലെ സഞ്ചരിക്കുന്നവർ. റോഡിന് സമീപം കളിച്ചു രസിക്കുന്ന വികൃതി പയ്യന്മാർ അങ്ങനെ പോകുന്നു കാഴ്ചകൾ. ഒരു മനോഹരമായ നഗരം തന്നെ. CBS എത്തിയപ്പോൾ തന്നെ ഇരുട്ട് വീണിരുന്നു. എന്റെ സഹ യാത്രികർ ആകെ അവശരായി എന്ന് എനിക്ക് മനസ്സിലായി.

ചെറിയ ഹിന്ദിയും പഠിച്ചു നാസിക് ഇറങ്ങിയ ഞാൻ ഒന്ന് പേടിച്ചു എന്ന് വേണം പറയാൻ. അവിടെ മുഴുവൻ മറാത്തി ഭക്ഷയാണ് സംസാരിക്കുന്നത്. ചിലർക്ക് മാത്രം ഹിന്ദി അറിയാം. ബസ്സിന്റെ ബോർഡ് വരെ മറാത്തിയിൽ ആണ്. സ്റ്റാൻഡിന് ഒരു വശത്ത് നിർത്തിയിട്ട മഹാരാഷ്ട്ര ഗവണ്മെന്റ് ബസ്സിൽ ത്രിംബക് ഹേ എന്ന് ചോദിച്ചത് മാത്രം ഓർമ്മയുണ്ട്. ആ... തൃമ്പക്ക് എന്ന് ഡ്രൈവർ മറുപടി തന്നു. മുഴുവൻ അഴുക്ക് നിറഞ്ഞ വണ്ടിയാണ്. പുറത്തും അകത്തും ജാനാലയിലും വരെ പൊടിയും ചെളിയും. രാത്രിയിൽ കഠിനമായ തണുപ്പ് ആണ്. ജനാലയിലെ ഗ്ലാസ്സ് തള്ളി നീക്കി പുറത്തെ ഇരുട്ടിൽ മാറി മറയുന്ന വർണങ്ങൾ ആസ്വദിച്ചു ഞാൻ യാത്ര തുടർന്നു. അപ്പുറത്തെ സീറ്റിൽ അനിയനും ചേച്ചിയും തമ്മിൽ എന്തൊക്കെ പറയുന്ന തിരക്കിലാണ്. 40 രൂപയാണ് ഒരാൾക്ക് ത്രിമ്പ കേശ്വർ വരെ ടിക്കറ്റ് ചാർജ്. ടിക്കറ്റ് തന്ന ശേഷം കണ്ടക്ട്ടർ ബസ്സിലെ ലൈറ്റ് ഓഫ് ചെയ്തു. ഇപ്പൊൾ ഉള്ളിൽ മുഴുവൻ ഇരുട്ടാണ്.. ഡ്രൈവർ ബസ് നല്ല വേഗതയിൽ ഓടിക്കുന്നു. അരമണിക്കൂർ കഴിഞ്ഞ് ബസ് ത്രിമ്പക് എത്തി. ഒരു പുണ്യ സ്ഥലം കൂടെ യാണ് തൃമ്പകേശ്വർ. ഇവിടെ ഒരു ശിവ ക്ഷേത്രം ഉണ്ട്. ത്രയംബകേശ്വർ ശിവ ക്ഷേത്രം , ഗോദാവരി നദിയുടെ ഉത്ഭവസ്ഥാനത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഒരിക്കൽ ദക്ഷിണഭാരതത്തിൽ അതികഠിനമായ വരൾച്ച അനുഭവപ്പെടുകയുണ്ടായി എന്നും വരൾച്ചയിൽനിന്നും ജീവജാലങ്ങളെ രക്ഷിക്കാനായ് ഗൗതമ ഋഷി ഭഗവാൻ ശിവനെ ആരാധിക്കാനാരംഭിച്ചു എന്നും വിശ്വാസം. ഗൗതമനിൽ പ്രസീതനായ ശിവൻ പ്രത്യക്ഷപ്പെടുകയും ദക്ഷിണ ഭാരതത്തെ വരൾച്ചയിൽനിന്നും രക്ഷിക്കാൻ ഗോദാവരിനദിയെ സൃഷ്ടിച്ചു എന്നുമാണ് ഐതിഹ്യം. ഗൗതമന്റെ പ്രാർഥന മാനിച്ച് ശിവ ഭഗവാൻ ഗോദാവരീ നദിയുടെ ഉദ്ഭവസ്ഥാനത്ത് ജ്യോതിർലിംഗ സ്വരൂപത്തിൽ അധിവസിച്ചു. ഇതാണ് ത്രയംബകേശ്വര ജ്യോതിർലിംഗം
ഭാരതത്തില്‍ സ്ഥിതിചെയ്യുന്ന 12 ശിവ   ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ബ്രഹ്മഗിരി മലനിരക്ക് പശ്ചാത്തലമായി പ്രൗഡിയോടെ നിലകൊള്ളുന്ന ക്ഷേത്രം.

ബസ് ഇറങ്ങിയ ഞങ്ങളെ കണ്ട് ഓട്ടോ ഡ്രൈവർ റൂം വേണമോ എന്ന് ചോദിച്ചു വരവായി. 1500 മുതൽ 2000 വരെ അവർ പറയുന്നു. ഞങൾ അതൊന്നും നോക്കാതെ ഓരോ ഹോട്ടലിലും കയറി നോക്കാൻ തീരുമാനിച്ചു. ധാരാളം ഹോട്ടലുകൾ ഉണ്ട്. നിസ്സാര വിലക്ക് റൂമുകൾ ലഭ്യമാണ്. ഞങൾ 3 പേർക്ക് 500 രൂപക്ക് ബസ് സ്റ്റാൻഡ് ന് അടുത്ത് തന്നെ റൂം ലഭിച്ചു . ഒന്നുകൂടെ വില പേശിയാൽ 300 രൂപക്ക് കിട്ടിയേനെ.

ചെക്ക് ഇൻ ചെയ്തു ഞങൾ പുറത്തേക്ക് ഇറങ്ങി ചുറ്റും മധുര പലഹാരങ്ങൾ വിൽക്കുന്ന കടകൾ. പല തരത്തിലും വലുപ്പത്തിലും നിറത്തിലുമുള്ള മധുര കാഴ്ചകൾ. ശിവ ക്ഷേത്രം കാണാൻ വേണ്ടി യാണ് ഞങളുടെ രാത്രി യാത്ര എന്നാല് 8 മണി കഴിഞ്ഞത് കൊണ്ട് ക്ഷേത്രത്തിനു മുൻപിലെ വലിയ പ്രവേശന കവാടം അടച്ചു പൂട്ടുന്ന തിരക്കിലാണ് ജീവനക്കാർ.
ക്ഷേത്രത്തിനു അടുത്തുള്ള കടയിൽ നിന്നും സ്പെഷ്യൽ പഞ്ചാബി ഥാലി ഓടെർ ചെയ്തു. 120 രൂപയാണ് ഒരാൾക്ക്. മുൻപ് കഴിക്കാത്ത ഭക്ഷണം ആയത് കൊണ്ടാകാം ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു അത്. ചുട്ട പപ്പടവും 3 ചപ്പാത്തിയും ചോറും പിന്നെ എന്തൊക്കെയോ കറികളും. വഴിയരികിൽ പൂജക്ക് ആവശ്യമായ സാധനങ്ങൾ വിൽക്കുന്നത് മുതൽ കുതിര സവാരി വരെ നടത്തുന്നുണ്ട്.. വളരെ മനോഹരമായ അന്തരീക്ഷം. 
ഭക്ഷണം കഴിച്ച ശേഷം യാത്രക്കുള്ള അടുത്ത ഒരുക്കങ്ങൾ തുടങ്ങുകയായി. ബസ് സ്റ്റാൻഡിൽ പോയി ഹരിഹർ ഫോർട്ട് ലേക്കുള്ള ബസ് അന്വേഷിക്കണം, ശേയർ ടാക്സി കിട്ടുമോ എന്ന് ചോദിക്കണം.. ഹരിഹർ ഫോർട്ടിലെത്താൻ രണ്ട് വഴികളാണ് ഉള്ളത്. ഒന്ന് ത്രിമ്പക്കിൽ നിന്നും ഹർശേവാടി എന്ന ഗ്രാമത്തിലേക്ക് , രണ്ടാമത് ത്രിമ്പക്കിൽ നിന്നും നിർഗുഡപാഠ ഗ്രാമത്തിലേക്ക്. ഇതിൽ ഏതെങ്കിലും ഒന്നിൽ നിന്ന് വേണം നടന്ന് കോട്ടയിലേക്ക് എത്തിച്ചേരാൻ.

ഹർഷവാടി ഗ്രാമത്തിൽ നിന്നും ഹരിഹർ ഫോട്ടിലേക്ക് 13.1 കിലോമീറ്റർ ആണ് ദൂരം. ഇത് വഴി ഹരിഹർ ഫോർട്ട് ബേസ് ക്യാമ്പിൽ  വളരെ വേഗത്തിൽ എത്തിച്ചേരാൻ സാധിക്കും. ഏറ്റവും പെട്ടെന്ന് എത്തുന്ന വഴിയും , ട്രെക്കിങ്ങ് ഏറ്റവും കുറവുള്ള വഴിയും ഹർശേവാടി വില്ലേജിൽ നിന്നാണ്. ഹരിഹർ ഫോർട്ടിന് പുറകിൽ അഥവാ ഹർശേവാടി ഗ്രാമത്തിന് പുറകിൽ ആണ് നിർഗുഡപാഠ ഗ്രാമം. തൃംബക്കിൽ നിന്നും 22.4 km ദൂരമാണ് ഇങ്ങോട്ട്. ചുരുക്കി പറഞാൽ ഹരിഹർ ഫോർട്ട് ന് ഇരുഭാഗത്തും സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങൾ.  ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്ന , ധാരാളം കാഴ്ചകൾ കണ്ട് നടക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് എങ്കിൽ നിർഗുടപാഠ വഴി ഹരിഹർ ഫോർട്ട് പോകുന്നതാണ് നല്ലത്.. ഏകദേശം 4 കിലോമീറ്റർ നടന്ന് വേണം നിർഗുട പാഠ വഴി നടന്നു ഹരിഹർ ഫോർട്ട് ബേസ് ക്യാമ്പിൽ എത്താൻ. മൺസൂൺ കാലങ്ങളിൽ മാത്രം ഈ വഴി തിരഞ്ഞെടുക്കുന്നത് ആണ് നല്ലത്.. മഴയും മൂടിയ അന്തരീക്ഷവും നിങ്ങളെ മടുപ്പിക്കില്ല. മൺസൂൺ സമയം അല്ലാത്ത മാസങ്ങളിൽ ഈ വഴി യാത്ര ചെയ്ത് ഹരിഹർ ഫോർട്ട് എത്തുമ്പോൾ തന്നെ വെയിലും ചൂടും കൂടും അതിനാൽ മൺസൂൺ കാലം ഒഴികെ മറ്റു മാസങ്ങളിൽ ഇൗ പാതയിലൂടെ യുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നി.

നിർഗുടപാഠ യിലേക്ക് 70 രൂപക്ക് ഷേയർ ടാക്സികൾ ലഭ്യമാണ്. പക്ഷേ കുറച്ചു കൂടുതൽ സമയം കാത്തിരിക്കണം എന്ന് മാത്രം. നിലവിൽ വരണ്ട കാലാവസ്ഥ കാരണം  ഹർഷെ വാടി ഗ്രാമത്തിലേക്ക് പോയി അവിടെ നിന്നും ഹരിഹർ കോട്ടയിലേക്ക് പോകാനാണ് എന്റെ തീരുമാനം. ഷെയര് ടാക്സികൾ രണ്ട് ഗ്രാമത്തിലേക്കും ലഭ്യമാണ്. വളരെ ചുരുക്കം ബസ്സുകൾ മാത്രമേ ഇവിടെയുള്ളൂ.. ഷെയര് ടാക്സി നോക്കി ഇരുന്നു സമയം കളയാൻ ഞാൻ നിന്നില്ല. സൂര്യൻ ഉദിച്ചു കഴിഞ്ഞാൽ പിന്നെ നല്ല ചൂടാണ് അത് കൊണ്ട് എത്രയും വേഗം എനിക്ക് കോട്ടയിൽ എത്തേണ്ടതുണ്ട്. ഓട്ടോ ഡ്രൈവർ മാർ ഒരു വശത്തേക്ക് മാത്രം 600 രൂപയാണ് പറയുന്നത്. വില പേശാൻ അവരുടെ ഭാഷ എനിക്ക് ഒരു പ്രശ്നമാകുന്നു. തിരികെ ഹോട്ടലിന് മുൻപിലുള്ള ടാക്സി സ്റ്റാൻഡിൽ ചോദിച്ചപ്പോൾ പോയി വരാൻ 1500 രൂപയും. പ്രിയ സഞ്ചാരി സുഹൃത്ത് സുജീഷേട്ടൻ അവരെ ഫോണിൽ വിളിച്ച് വില പേശി 1000 രൂപക്ക് ടാക്സി ഡ്രൈവർ സമ്മതിച്ചു. എന്നാല് 600 രൂപക്ക് ഓട്ടോയിൽ നമുക്ക് പോയി തിരിച്ചു വരാൻ സാധിക്കും. യാത്രയുടെ ക്ഷീണവും , സമയ കുറവും എല്ലാം കാരണം ആയിരം രൂപക്ക് ഞങൾ യാത്ര ഉറപ്പിച്ചു. രാവിലെ ക്ഷേത്രത്തിൽ നിന്നും ശംഖൊലികൾ കേൾക്കാം.. സൂര്യൻ ഉണരുന്നത് ഉള്ളൂ. സമയം 5 അര ആയിരിക്കുന്നു. ചുറ്റും ഇരുട്ട് മാത്രം. ആറ് മണിയോടെ ഡ്രൈവർ ഹോട്ടലിന് മുമ്പിലെത്തി. എന്തോ വലിയൊരു സന്തോഷം മനസ്സിലൂടെ കടന്നു പോകുന്നു. ഉറക്കത്തിൽ നിന്നും ഒരു മടിയുമില്ലാതെ യാണ് എണീറ്റത്.. അത്യാവശ്യ സാധനങ്ങൾ ബാഗിലാക്കി ഞങൾ യാത്ര തുടർന്നു. സൂര്യ കിരണങ്ങൾ ബ്രഹ്മഗിരി മലനിരകളിൽ തട്ടി ചെറിയ പ്രകാശം തൃമ്പക്കിൽ പരക്കുന്നുണ്ട്. രാത്രിയിൽ ഒളിപ്പിച്ചു വെച്ച സൗന്ദര്യം ചെറിയ വെളിച്ചത്തിൽ ദൃശ്യമാകുന്നു. ബ്രഹ്മഗിരി മലയുടെ താഴെ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ഇത്. 3 കിലോമീറ്റർ ദൂരമാണ് ബ്രഹ്മഗിരി യിലേക്ക്. ഹരിഹർ ട്രെക്കിങ്ങ് കഴിഞ്ഞ് ബ്രഹ്മഗിരി കൂടെ കയറാൻ എനിക്ക് ആഗ്രഹം തോന്നുന്നു. പക്ഷേ സഹ യാത്രികർക്ക് എങ്ങനെ ആണെന്ന് എനിക്ക് അറിയില്ലല്ലോ. ആദ്യം ആയിട്ടാണ് ദീർഘ യാത്രകളിൽ കൂട്ടം കൂടി പോകുന്നത്. വാഹനം പ്രധാന പാതയിൽ നിന്നും ഇടുങ്ങിയ വഴിയിലേക്ക് കയറി തുടങ്ങി. ചുറ്റും ചെറിയ ചെറിയ ഓല മേഞ്ഞതും , ഷീറ്റ് ഇട്ടതുമായ വീടുകൾ. കുഴൽ കിണറിന് ചുവട്ടിൽ ഇരുന്നു കുളിക്കുന്ന വൃദ്ധൻ , എന്തൊക്കെയോ കുശലം പറഞ്ഞു ഇരിക്കുന്ന സ്ത്രീകൾ ,  രാവിലെ തന്നെ ഒരോ തമാശകൾ കാണിച്ചു കൂട്ടുന്ന കുട്ടികൾ അങ്ങനെ പോകുന്നു കാഴ്ചകൾ. വളരെ പാവപ്പെട്ട ഈ ഗ്രാമ വാസികളുടേ പ്രധാന ഉപജീവന മാർഗ്ഗം കൃഷിയാണ്. നെൽകൃഷി യാണ് കൂടുതലും കാണുന്നത്. നമ്മുടെ  നാട്ടിൽ പുറത്ത് കാണുന്ന പോലെ അല്ല വളരെ ഉയരം കുറഞ്ഞതും വളരെ കുറഞ്ഞ അളവിൽ ജലം നൽകിയും കൃഷി ചെയ്യുന്ന ഒരു നെല്ലിനം. തീരെ ഉയരം ഇല്ല. കറുത്ത നിറത്തിലുള്ള മണ്ണിൽ അവ കൃഷി ചെയ്തിരിക്കുന്നു. ഇടക്ക് പൂവും വേറെ പേര് അറിയാത്ത പലതും കൃഷി ചെയ്യുന്നുണ്ട്. ചുറ്റും വന മേഖലയാണ്. എന്തിരുന്നാൽ പോലും മനോഹരമായ ടാർ ചെയ്ത വഴി ഹരിഹർ ഫോർട്ട് പ്രവേശന സ്ഥലം വരെ നീണ്ടു കിടക്കുന്നു. ഹർഷവാടി വില്ലേജിൽ ഞങൾ 6: 45 ന് എത്തിച്ചേർന്നു.. ഡ്രൈവറുടെ പേര് ചോദിക്കാൻ മറന്നു. അദ്ദേഹത്തിന്റെ കയ്യിൽ ഒരു ഇരുമ്പ് വടിയുണ്ട് ഞങ്ങളുടെ കൂടെ ട്രെക്കിങ്ങ് ന് വരാൻ ഉള്ള തയാറെടുപ്പിൽ ആണ് അദ്ദേഹം. ഒരു ഗൈഡ് നേ പോലെ അയാള് മുൻപിൽ നടക്കുന്നു. ബ്രഹ്മഗിരി മലനിര പീഡ ഭൂമിയുടെ ആകൃതിയിൽ ഇടത് വശത്ത് കാണാം. സൂര്യൻ മലയുടെ പിന്നിലാണ്. നേരെ വലതു ഭാഗത്ത് കാണുന്ന കാനന പാതയിലൂടെ അല്പം സഞ്ചരിച്ചു വേണം ബേസ് ക്യാമ്പ് ല് എത്താൻ. ഹരിഹർ കിലാ എന്ന് അടയാള പെടുത്തി വെച്ചിരിക്കുന്ന ഒരു ബോർഡ് കാണാം.. പക്ഷേ മറാത്തി ഭാഷയിൽ ആയത് കൊണ്ട് ഒന്നും മനസിലാകുന്നില്ല.

ഡ്രൈവർ ഗൈഡിനെ പോലെ മുൻപിൽ നടക്കുന്നു. ചെറിയൊരു അരുവി മുറിച്ചു കടന്നു വേണം യാത്ര തുടരാൻ. അതിന് മുൻപിൽ ചെറിയ നെല്പാടം കാണുന്നു. മലയുടെ ചെരുവിൽ ജലം വളരെ കുറച്ചു ഉപയോഗിച്ച് നെൽകൃഷി ചെയ്യുന്നത് പുതിയ ഒരു അറിവാണ്.. യാത്രയിൽ സുഹൃത്ത് സാമു എന്തൊക്കെയോ പറയുന്നുണ്ട്. ചുറ്റുമുള്ള കാഴ്ചകൾ കാണുന്ന തിരക്കിൽ എനിക്ക് അതൊന്നും വ്യക്തമാക്കുന്നില്ല. ഉരുളൻ കല്ലുകളും , മണലും ഞങ്ങളെ തെന്നി വീഴ്ത്താൻ ശ്രമിക്കുന്നു.. ചിലയിടത്ത് കുത്തനെ യുള്ള മൺ തിട്ടുകൾ പിടിച്ചു കയറണം.. പിന്നെ പാറകൂട്ടവും കടന്നു മുൻപോട്ട് നോക്കിയാൽ ബേസ് ക്യാമ്പ് കാണുകയായി. ഞങ്ങളുടെ പുറകിൽ ബാഗും തൂക്കി വന്ന ഒരാൾ നിമിഷ നേരം കൊണ്ടാണ് മല കയറി പോയത്. അദ്ദേഹം അവിടെ കച്ചവടം ചെയ്യുന്ന സാധാരണക്കാരൻ ആണെന്ന് പിന്നെയാണ് മനസ്സിലായത്.

പോകുന്ന വഴിയിൽ ധാരാളം ഓല മേഞ്ഞ കടകളുണ്ട് നാരങ്ങ വെള്ളവും ബിസ്കറ്റും ആയി കാത്തിരിക്കുന്ന നഗരത്തിലെ പരിഷ്കാരങ്ങൾ ഇത് വരെ കാണാത്ത പാവപ്പെട്ട ഗ്രാമ വാസികൾ. അവരുടെ ഉപജീവന മാർഗ്ഗം ഇവിടെ എത്തുന്ന ആളുകളാണ് .. ബേസ് കാമ്പിന് നേരെ ഇടതു ഭാഗത്ത് നിർഗുഡപാഠ ഗ്രാമം കാണാം.. അവിടെ നിന്നും ഹരിഹർ കോട്ടയിലേക്ക് ഉള്ള ട്രെക്കിങ്ങ് പാതയും കാണാം. നെല്പാടത്തിന് ഇടയിൽ അങ്ങിങ്ങായി ചിതറി കിടക്കുന്ന ചെറിയ വൈക്കോൽ മേഞ്ഞ വീടുകൾ. വലതു ഭാഗത്ത് ഹർഷ വാടി ഗ്രാമം. അതിനും വലതു ഭാഗത്ത് ബ്രഹ്മഗിരി മലനിര. നടുവിൽ 117 പടികളുമായി ഹരിഹർ കോട്ട.

പശ്ചിമ ഘട്ടത്തിൽ മഹാരാഷ്ട്രയിലെ നാസിക്കിൽ നിർഗുഡപാഠ ഗ്രാമത്തിൽ ആണ് ഹരിഹർ ഫോർട്ട് സ്ഥിതി ചെയ്യുന്നത്. ഹർഷ് ഘട്ട്‌ എന്നും , ഹരിഹർ ഹിൽ എന്നും ഹരിഹർ കില എന്നും ഇത് അറിയപ്പെടുന്നു. പശ്ചിമ ഘട്ട മല നിരയിൽ ഉൾപ്പെടുന്ന തൃമ്പക് മല നിരയുടെ ഭാഗമാണ് ഹരിഹർ ഫോർട്ട്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3676 അടി ഉയരത്തിൽ ആണ് ഹരിഹർ കോട്ട സ്ഥിതി ചെയ്യുന്നത്. ബേസ് ക്യാമ്പിൽ നിന്നും നോക്കിയാൽ ചതുരാകൃതിയിൽ അല്ലെങ്കിൽ പീഠഭുമി രൂപത്തിലാണ് ഹരിഹർ ഫോർട്ട് കാണാൻ സാധിക്കുക. കോട്ടയുടെ അതിരുകൾ എല്ലാം ലംബാകൃത്തിയിൽ കാണപ്പെടുന്നു. എന്നാൽ ത്രികോണ ആകൃതിയിലാണ് മുകളിൽ നിന്നും കാണാൻ സാധിക്കുക. 

അല്പം വിശ്രമം കഴിഞ്ഞു ഹരിഹർ ഫോർട്ട് കയറാനുള്ള തിടുക്കത്തിൽ ആണ് ഞാൻ.
80 ഡിഗ്രി ചെരുവിൽ നിർമിച്ച പാറ കൊത്തി ഉണ്ടാക്കിയ കൽപ്പടവുകൾ പിടിച്ചു വേണം മുകളിലേക്ക് കയറാൻ.. പിടിച്ചു കയറുന്നതിന് ഓരോ പടികൾക്കും ഇരുവശത്തും ചെറിയ കുഴുകികൾ പോലെ കൈ പിടികൾ . ആകെ 117 കൽപ്പടവുകൾ. ഒരു സമയം ഒരാൾക്ക് മാത്രം കയറാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപ കൽപ്പന, വളരെ ഇടുങ്ങിയ ഒന്ന്. താഴെ നിന്ന് കാണുന്ന പോലെ പേടിക്കേണ്ട കാര്യം ഒന്നും ഇല്ല. വളരെ പെട്ടെന്ന് തന്നെ ഞാൻ പടികൾ കയറി മുകളിലെത്തി. ചില പടവുകൾ തീരെ ചെറുതും ചിലവ് വലതും ആണെന്ന് എനിക്ക് മനസ്സിലായി.  എന്നാല് മഴക്കാലത്ത് കൽപ്പടവുകളിലൂടെ മഴ വെള്ളം കുത്തി ഒലിച്ചു പോകുന്നത് കാണാൻ നല്ല ചന്തമാണ്. പക്ഷേ പാറയിൽ ഉണ്ടാക്കുന്ന വഴുക്കലുകൾ അപകട സാധ്യത ഉണ്ടാക്കിയേക്കാം. മൺസൂൺ കാലത്ത് ഇൗ പടവുകൾ കയറുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്.. കോട മൂടിയ പടവുകളിലൂടെ മഴവെള്ളത്തിൽ കുളിച്ചു ഓരോ പടിയും കയറുന്നത് എത്ര രസകരം ആണെന്ന് ഞാൻ ചിന്തിച്ചു പോയി. ഹരിഹർ കോട്ടയെ അതീവ സുന്ദരൻ ആക്കുന്നത് ഇൗ പടികൾ തന്നെ. ആദ്യ പടികൾ കയറി മുകളിലെത്തിയാൽ മിനാർ ആകൃതിയിൽ ഒരു പ്രവേശന കവാടം . അതിൽ വലിയൊരു വാതിലും . അല്പം ശ്രമകരമായ ജോലിയാണ് വാതിൽ തുറക്കുന്നത്. ഇൗ പ്രവേശന കവാടം പൊതുവെ മഹാ ദർവാജ എന്ന പേരിൽ അറിയപ്പെടുന്നു. വലിയ പാറയുടെ ഒരു വശം പൊട്ടിച്ചു ചെറിയ ഇടുങ്ങിയ ഒരു വഴി നിർമിച്ചിരിക്കുന്നു. കുനിഞ്ഞു മാത്രമേ മുൻപോട്ട് പോകാൻ സാധിക്കൂ. ഇംഗ്ലീഷ് അക്ഷരമാലയിലെ " U " ആകൃതിയിലാണ് ഇൗ പാതയുടെ രൂപം വീതി കുറഞ്ഞ വഴിയിൽ കാലൊന്ന് മാറിയാൽ വലിയ താഴ്ചയിലേക്ക് ആണ് പതിക്കുക. പാറയുടെ ഒരു അറ്റത്ത് വലിയൊരു ദ്വാരം പോലെ ഒരു കല്ല് പ്രത്യേകം കൊത്തി വെച്ചിട്ടുണ്ട്. എന്റെ യാത്രക്ക് തടസ്സം സൃഷ്ടിച്ച് വാനരപ്പടകൾ മുൻപിൽ നിലയുറപ്പിച്ചു. കയ്യിൽ ഭക്ഷണ പൊതിയും വെള്ളവും ഒന്നും ഇല്ലാത്തത് കൊണ്ടാകാം അവർ എന്നെ കണ്ട ഭാവം നടിക്കുന്നില്ല.

സാധാരണ കാണുന്ന കുരങ്ങ് വർഗമായ Bonnet Macaque ഇവിടെ ധാരാളം കാണപ്പെടുന്നു. അതിന് പുറമെ വടക്കേ ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്ന റീസസ് കുരങ്ങുകളും (Rhesus macaque (Macaca mulatta) ) ഇക്കൂട്ടത്തിൽ ഉണ്ട്. അതിൽ പ്രായം കൂടിയ വ്യക്തി ആയിരിക്കാം വലിയ ശബ്ദങ്ങള് കേൾപ്പിച്ചു കയ്യും കാലും നിലത്ത് കുത്തി പാറയുടെ ചെറിയ അറ്റത്തിലൂടെ തുള്ളി ചാടി പോകുന്നു. നല്ല വേഗത്തിൽ തലങ്ങും വിലങ്ങുമായി ബാലൻസ് തെറ്റാതെ അവൻ കാണിക്കുന്ന വികൃതികൾ എന്നെ അൽഭുത പെടുത്തികൊണ്ട് ഇരുന്നു. മറ്റു കുരങ്ങുകളെ അപേക്ഷിച്ച് വലിയ ശരീരവും ചുവപ്പ് നിറവും ആണ് ഇവന്റെ പ്രത്യേകത. വളഞ്ഞ പാതയിലൂടെ മുൻപോട്ട് നടന്നാൽ വീണ്ടും പടികൾ തുടങ്ങുകയായി. പടികൾ കയറി താഴോട്ട് നോക്കിയാൽ പേടി പെടുത്തുന്ന കാഴ്ച തന്നെ. താഴെ തിങ്ങി നിറഞ്ഞ മരങ്ങൾ ഒരു പച്ച പരവതാനി പോലെ കിടക്കുന്നു. എന്റെ സഹ യാത്രികർ തിരിഞ്ഞു നോക്കാൻ പേടി കാണിക്കുന്നു. പക്ഷേ എനിക്ക് പേടിയൊന്നും തോന്നുന്നില്ല . ഇതിനിടയിൽ വലിയ ഒരു കെട്ട് ഓലയും ആയി ഒരു പ്രദേശവാസി സുഖമായി കടന്നു പോയി. അപകടം പിടിച്ച പടവുകളിൽ ശ്രദ്ധ അല്പം തെറ്റാതെ മുകളിലോട്ട് കയറിയാൽ അടുത്ത കവാടം കാണാം.. കവാടത്തിനും പടവുകൾക്കും ഇടയിൽ ഒരു പെട്ടി പോലെ പാറ പൊട്ടിച്ചു നിർമിച്ചിരിക്കുന്നു. അതിൽ അതിലെ നടപ്പാത അല്പം ലംബമായി സ്ഥിതി ചെയ്യുന്നു. ഉള്ളിൽ നല്ല തണുപ്പാണ് എന്നാല് പുറത്ത് ചൂട് കൂടി വരുന്നു. മുഴുവൻ വാനരപ്പടയുടെ ഗന്ധമാണ്. 2 പ്രവേശന കവാടങ്ങൾ ആണ് കോട്ടക്ക്‌. കരിങ്കല്ലും , ഇഷ്ടികയും കൊണ്ടാണ് കോട്ടയുടെ നിർമിതി,   രണ്ടാമത്തെ കവാടം കഴിഞ്ഞ് മുകളിൽ എത്തിയാൽ 117 പടികളും കയറിയെന്ന് ചുരുക്കം. അര മണിക്കൂർ എടുത്തു മുഴുവൻ കയറി മുകളിൽ എത്താൻ. എന്നാല് സമയം പോകുന്നത് അറിഞ്ഞത് പോലും ഇല്ല. ഓരോ സ്ഥലത്തും വിശ്രമിക്കാൻ ഇരിപ്പിടവും ഓല മേഞ്ഞ വിശ്രമ കേന്ദ്രവും സജീകരിച്ചിരിക്കുന്നു ഇവിടെ ഉളളവർ. മല മുകളിൽ എത്തി വരണ്ടുണങ്ങിയ പുൽനാമ്പുകൽ മുളച്ച വഴിയിലൂടെ അല്പം മുൻപോട്ട് നടന്നാൽ ഒരു ചെറിയ ഓല മേഞ്ഞ കടയും ഹനുമാൻ കോവിലും കാണാം. എന്റെ ഡ്രൈവർ ബിസ്ക്കറ്റ് വാങ്ങി  വാനരകൂട്ടങ്ങൾക്ക് നൽകുന്ന തിരക്കിലാണ്. ഹനുമാൻ ഭക്തരാണ് ഇവിടത്തെ ആളുകൾ എന്ന് എനിക്ക് തോന്നുന്നു. അവർ വാനരപ്പടയെ ബഹുമാന പൂർവ്വം നോക്കി കാണുന്നു. അവർക്ക് ഭക്ഷണം നൽകുന്നു . ഹനുമാൻ കോവിലിന് സമീപത്ത് ശിവ ലിംഗവും , നന്ദി വിഗ്രഹവും പ്രതിഷ്ഠിചിരിക്കുന്നു. പ്രതിഷ്ഠ ക്ക് തൊട്ട് പുറകിൽ പാറ പൊട്ടിച്ചു നിർമിച്ച കുളവും അതിന് പുറകിൽ ആയുധങ്ങൾ ശേഖരിച്ച് വെക്കാൻ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന സ്റ്റോർ റൂമും കാണാം. ഇരുണ്ട നിറത്തിൽ അതങ്ങനെ നിലകൊള്ളുന്നു. ഇതിനെല്ലാം പശ്ചാത്തലമായി ബ്രഹ്മഗിരി മലനിരയും. പ്രതിഷ്ഠക്ക് മുൻപിൽ കാവിക്കൊടി പാറി പറക്കുന്നു. പാറ പൊട്ടിച്ചു നിർമിച്ച ഒന്ന് രണ്ടു കുളങ്ങൾ അങ്ങിങ്ങായി കാണപ്പെടുന്നുണ്ട്..  മലയുടെ ഒരു വശത്ത് താഴെ ജെയിൽ ഉണ്ടെന്ന് പറയപ്പെടുന്നു. എന്നാല് കാട് പിടിച്ച വഴിയിലൂടെ നടന്നു താഴോട്ട് നോക്കുക എന്നത് അപകടം പിടിച്ച കാര്യം തന്നെ. പക്ഷേ അത് കൃത്യം എവിടെ ആണെന്ന് അവിടെ ഉള്ള ആർക്കും വ്യക്തമായ അറിവില്ല എന്ന് തോന്നുന്നു. പടികൾ കയറി നിൽക്കുന്നത് ഹരിഹർ കോട്ടയുടെ മുകളിൽ ആണെങ്കിലും ഏറ്റവും ഉയരം കൂടിയ ഭാഗം കാണാൻ ഇനിയും മുൻപോട്ട് നടക്കണം.. എന്റെ കൂട്ടുകാർക്ക് ഇനിയും മുൻപോട്ട് പോകാൻ താൽപര്യം കാണുന്നില്ല. ഞാൻ ഏതായാലും പോകാതെ ഇരിക്കാനും തീരുമാനിച്ചിട്ടില്ല, അവരും പിന്നെ എന്റെ കൂടെ യാത്ര തുടങ്ങി. തിങ്ങി നിറഞ്ഞ വനത്തിലൂടെ നടന്നു വേണം കോട്ടയുടെ അറ്റത്ത് എത്താൻ.. അവിടെ വലിയ പാറകെട്ടിന് മുകളിൽ ശിവജി മഹാ രാജാവിന്റെ ചിത്രം ആലേഖനം ചെയ്ത വലിയൊരു പതാക കാറ്റത്ത് പാറി പറക്കുന്നു.. ശിവജി മഹാരാജ ഇവിടെ ഭരണം നടത്തിയിട്ടുണ്ട് എന്നാണ് ചരിത്രം. പതാകയുടെ അടിയിൽ ചെറിയൊരു ശിവ ലിംഗവും വെച്ചിട്ടുണ്ട്. കുത്തനെയുള്ള പാറകെട്ടിൻെറ മുകളിൽ കയറാൻ മറ്റൊരാളുടെ സഹായം ചിലപ്പോൾ ആവശ്യമായി വന്നേക്കാം..  സമുദ്രനിരപ്പിൽ നിന്നും 3676 അടി ഉയരത്തിൽ നിൽക്കുമ്പോൾ ഒരു സ്വപ്നം നേടി എടുത്തതിന്റെ അഹങ്കാരവും മനസ്സിൽ മിന്നി മറയുന്നു.
ഏറ്റവും മുകളിൽ കയറി നിന്ന് ചുറ്റും നോക്കുമ്പോൾ ഒരു കാഴ്ചയുണ്ട്, നേരെ ബ്രഹ്മഗിരി മലയുടെ പൂർണ ചിത്രം. കാൻവാസിൽ വരച്ചിട്ട പോലെ അത് നീണ്ടു നിവർന്നു കിടക്കുന്നു.. ആരോ ചെത്തി മിനുക്കിയ രൂപത്തിലുള്ള മലനിരകൾ , മൺസൂൺ അടുത്തിടെ കഴിഞ്ഞത് കൊണ്ടാകാം എങ്ങും പച്ചപുതചു നിൽക്കുന്നു സഹ്യാദ്രി. മൺസൂൺ അവളെ അതീവ സുന്ദരിയാക്കി മാറ്റിയിരിക്കുന്നു.

ബ്രഹ്മഗിരി മലനിരക്ക് ഇടതു ഭാഗത്ത് Durge Bhandar മലയും, അതിന് താഴെ ബ്രഹ്മ പർവതവും. വലതു ഭാഗത്ത് Kapdyaya കുന്നും കാണാം..  പിരമിഡിന്റെ ആകൃതിയിൽ കാണുന്ന മലയുടെ പേര് ഫാനി കുന്ന് എന്നും അതിന് തൊട്ട് പുറകിൽ വലത് ഭാഗത്ത് Utwad fort  നേരെ ഇടതു ഭാഗത്ത് ഭക്സാർ ഘട്ട് എന്ന ട്രെക്കിങ്ങ് പോയിന്റും ആണ്. ഫാനി കുന്ന് കാണാൻ മനോഹരമാണ് ചെറിയൊരു പിരമിഡ് ആണെന്ന് തന്നെ പറയൂ.. ആരോ വെട്ടി നിർമിച്ച പോലെ അതങ്ങനെ നിലകൊള്ളുന്നു. നവ്ര - നവ്രി പീക്ക്‌ ദൃശ്യവും താഴ്‌വരയും നിർഗുഡ യിലെയും ഹർഷ് വാടി യിലെയും കൃഷി ഇടങ്ങളും അവക്ക് മുകളിൽ വട്ടമിട്ട് പറക്കുന്ന കഴുകൻ കൂട്ടവും എല്ലാം 360° കാഴ്ചയിൽ കാണാം. ഹരിഹർ കോട്ടയിലേക്ക് കടന്നു വന്ന പാതയും വ്യക്തമായി മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ഞാൻ. ചുറ്റും നിശ്ശബ്ദത മാത്രം.. ഇടക്ക് മന്ദമാരുതൻ ചെറുതായി വീശിയിട്ട്‌ പോകുന്നു. ഇപ്പൊൾ ത്രികോണ രൂപത്തിൽ ആണ് ഹരിഹർ ഫോർട്ട് കാണുന്നത്. ബ്രഹ്മഗിരി ക്ക് താഴെ Talegaon Dam ഉം ഹരിഹർ കോട്ടക്ക് പിന്നിൽ vaitarna ഡാമും കാണുന്നു.. പറഞ്ഞറിയിക്കാനാവാത്ത അൽഭുത കാഴ്ചകൾ തന്നെ.

ഹരിഹർ ഫോർട്ടിനെപ്പറ്റിയുള്ള വ്യക്തമായ ചരിത്രം ആർക്കും അറിയില്ല. ഗോണ്ട ഗാട്ട് വഴിയുള്ള പുരാതന കച്ചവട പാതയുടെ നിരീക്ഷണത്തിനായി പങ്കജ് പഞ്ചാരിയയുടെ കാലത്ത് ഹർഷാ ഗഡ് ൽ ത്രയംബക് റേഞ്ചിൽ 3676 അടി ഉയരത്തിൽ നിർമിച്ചതാണ് ഇത് എന്നാണ് വിശ്വാസം. യാദവ കാലഘട്ടത്തിൽ നിർമിച്ചു എന്നും കരുത പെടുന്നു. പിൽക്കാലത്ത് 1636 ല് ഹരിഹർ കോട്ടയ്‌ക്കൊപ്പം, ട്രിംബക്, ട്രിംഗൽവാഡി, മറ്റ്  കോട്ടകൾ എന്നിവ ഷാഹാജി ഭോസാലെ മുഗൾ ജനറൽ ഖാൻ  സമാമിന് അടിയറ വച്ചു. പിന്നീട് 1818 ൽ മറ്റ് 17 കോട്ടകൾക്കൊപ്പം ബ്രിട്ടിഷ് ആർമി ക്യാപ്റ്റൻ ബ്രിഗ്സ് പിടിച്ചടക്കുകയായിരുന്നു.

ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണ് ഹരിഹർ കുന്ന്. പശ്ചിമ ഘട്ട തിന്റെ സൗന്ദരൃം ആസ്വദിക്കാൻ പറ്റിയ സ്ഥലം തന്നെ.. ജൂൺ മുതൽ മഞ്ഞ് കാലം അവസാനിക്കുന്നത് വരെയാണ് ഇവിടം സന്ദർശിക്കാൻ അനുയോജ്യം. മൺസൂൺ ലും മഞ്ഞ് കാലത്തും ഇവന് പ്രത്യേകം ചന്ദമാണ്..  മല ഇറങ്ങാൻ തീരുമാനിച്ചു. കയറിയ പോലെ തന്നെ അല്പം സൂക്ഷിച്ചു വേണം തിരികെ ഇറങ്ങാൻ. കൽ പടവുകളിൽ പിടിച്ചു താഴെ ഇറങ്ങുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെ. ഇറങ്ങുന്ന സമയം ഒന്ന് രണ്ടു മലയാളികളെ കണ്ട് മുട്ടി.  ചിലർ നാസിക്കിലെ ജോലിക്കാരും ചിലർ യാത്രികരും. ആദ്യം കണ്ടത് ഒരു ഡോക്റ്ററെ യാണ്. Dr ഷക്കീൽ. ആളൊരു രസികനാണ്, ധാരാളം വിശേഷങ്ങൾ പറയുന്ന തിരക്കിലാണ് അദ്ദേഹം. നാട്ടിൽ നിന്നും കോട്ട കയറാൻ വന്നത് ആണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തിനും അതീവ സന്തോഷം. ഒരു സെൽഫിയും എടുത്ത് അദ്ദേഹം ഞങ്ങളെ യാത്രയാക്കി... ഹരിഹർ ഫോർട്ട് കയറി എന്ന് മനസ്സിനെ പറഞ്ഞു മനസിലാക്കാൻ  സാധിക്കുന്നില്ല.. ഒരു പ്രത്യേക അനുഭവം തന്നെ.. ഒരിക്കൽ കയറിയാൽ വീണ്ടും വീണ്ടും കയറാൻ പ്രേരിപ്പിക്കുന്ന സുന്ദരൻ. ബ്രഹ്മഗിരി യിലേക്ക് ട്രെക്കിങ്ങ് നടത്താൻ തീരുമാനിച്ചു എങ്കിലും വെയില് കാരണം അതും ഉപേക്ഷിച്ചു. അടുത്ത വർഷം മൺസൂൺ കാലത്ത് വീണ്ടും വരാം എന്ന് കരുതി ഹരിഹർ ഹില്ലിനോട് ഞങൾ യാത്ര പറഞ്ഞു