ഹരിദ്വാർ

Give your rating
Average: 4 (2 votes)
banner
Profile

Sohan Sathyarthy

Loyalty Points : 335

Total Trips: 13 | View All Trips

Post Date : 11 Feb 2022
6 views

 

വർഷങ്ങൾക്കു മുൻപേ ശ്രീ എം മുകുന്ദൻറെ ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു എന്ന നോവൽ വായിച്ച കാലം മുതൽ മനസ്സിൽ കയറിയ മോഹം ആയിരുന്നു ഹരിദ്വാർ.സിരകളിൽ കത്തി പടരുന്ന ലഹരിയുടെ തീ നാമ്പുകളും ആയി അവിടത്തെ ഗലികളിലൂടെ ഒരു യാത്ര .ജന്മത്തിൽ നിന്നും ചരമത്തിലേക്കു ഒരു യാത്ര .

കാലങ്ങൾക്കു ശേഷം രാത്രിയുടെ അവസാന യാമത്തിൽ ഞാൻ ഹരിദ്വാറിൽ ബസ്സിറങ്ങി .ബസ്സിൽ നിന്നും ഇറങ്ങുന്ന യാത്രക്കാരെ പൊതിയുന്ന റിക്ഷക്കാരുടെ ഇടയിലൂടെ ഞാൻ പുറത്തു ഇറങ്ങി.ദക്ഷപ്രജാപതി ,മാനസ ദേവി ഞാൻ ഇതാ വന്നെത്തിയിരിക്കുന്നു .ബസ് സ്റ്റാൻഡിന്റെ നേരെ എതിർ വശത്തു റെയിൽ വേ സ്റ്റേഷൻ കാണാം ,വർണ വിളക്കുകൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു .ഹർ കി പൗഡിയിലേക്കു നീളുന്ന നിരത്തിലൂടെ ആളുകൾ അപ്പോഴും സഞ്ചരിക്കുന്നുണ്ടായിരുന്നു .

സ്റ്റാൻഡിനു അടുത്തുള്ള ഒരു ഹോട്ടലിൽ മുറി എടുത്തു ഉറങ്ങാൻ കിടന്നു .കാലത്തു എഴുന്നേറ്റു കുളിച്ചൊരുങ്ങി പുറത്തു ഇറങ്ങി .ഒരു ആലു പൊറോട്ടയും ചായയും കഴിച്ചു നേരെ മനസാ ദേവി ക്ഷേത്രത്തിലേക്ക് .കുന്നിൻ മുകളിലെ ക്ഷേത്രത്തിലേക്ക് പടികൾ കയറിയോ റോപ് വേ ഉപയോഗിച്ചോ പോകാം .മനസാ ദേവിയിയിലേക്കും ചണ്ഡീ ദേവിയിലേക്കും കൂടി ഉള്ള പാക്കേജ് ടികെറ്റ് എടുത്തു ഞാൻ റോപ് വേയിൽ കയറി .പച്ച വിരിച്ച മര കൂട്ടങ്ങൾക്കു മുകളിലൂടെ മനോഹരമായ യാത്ര .ക്ഷേത്രത്തിനു അടുത്ത് എത്തുമ്പോഴേക്കും താഴെ ഹരിദ്വാർ ടൌൺ ചെറുതായി പോകുന്നത് കാണാം .

റോപ് വേ ഇറങ്ങി അമ്പലത്തിലേക്ക് പോകുന്ന വഴിയുടെ ഇരു വശത്തും പൂജാ സാദനങ്ങൾ വിൽക്കുന്ന നിരവധി കടകൾ ഉണ്ട്.എല്ലാ കടകളിൽ നിന്നും തീർത്ഥാടകരെ വിളിച്ചു കയറ്റുന്നു .അവരിൽ നിന്നും രക്ഷപെട്ടു ഞാൻ ദേവിയുടെ മുൻപിൽ എത്തി.വർഷങ്ങൾ ആയി ഞാൻ കാണുവാൻ ആഗ്രഹിച്ച ദേവി.അതിനു അടുത്ത് തന്നെ ചുവന്ന നിറത്തിൽ ഉള്ള ഒരു മരം കണ്ടു പോയി നോക്കി .ഭക്തർ നിരവധി വർഷങ്ങൾ ആയി കെട്ടിയ ചുവപ്പു നടകൾ ആണ് മരത്തിനു ആ നിറം കൊടുത്ത് .ആഗ്രഹ പൂർത്തീകരണത്തിന് ആണത്രേ ചുവപ്പു നടകൾ ബന്ധിക്കുന്നതു .

കുറച്ചു സമയം അവിടത്തെ കാഴ്ചകൾ കണ്ടു നിന്നതിനു ശേഷം ചണ്ഡീ ദേവി ക്ഷേത്രത്തിലേക്ക് യാത്രയായി .മനസാ ദേവിയിൽ നിന്നും കുറച്ചു ദൂരം ഉണ്ട് അങ്ങോട്ട്.പാക്കേജ് ആയതു കൊണ്ട് അങ്ങോട്ടുള്ള വാഹന സൗകര്യവും ഉണ്ട്.അവിടത്തെ റോപ് വേ യാത്രയും മനോഹരമാണ് .ആ കാഴ്ചകളും കണ്ടു തിരിച്ചു എത്തി .

ഇനി ഭീമ ഗോഡ ആണ് കാണുവാൻ ഉള്ളത്.ഒരു ഓട്ടോക്കാരനെ സമീപിച്ചു .അയാൾ ഒരു ലിസ്റ്റ് കാണിച്ചു തന്നു.ബീം ഗോഡ,കുറച്ചു പുരാതന അമ്പലങ്ങൾ ,ആശ്രമങ്ങൾ ഇവയൊക്കെ കാണിക്കുന്നതിന് 700 രൂപ ആണ് ചാർജ്‌ ,അത് ഒരു 500 രൂപ ആക്കി ഞാൻ യാത്ര തുടങ്ങി.സ്വര്ഗാരോഹണ യാത്രയിൽ ഭീമ സേനൻ കാൽ മുട്ട് ഉപയോഗിച്ച് നിർമിച്ച കുളം ആണ് ബീം ഗോഡയിൽ ഉള്ളത് .തണുത്ത ,കണ്ണാടി പോലുള്ള ജലം .ഒരു പാട് മത്സ്യങ്ങളും ഉണ്ട് അതിൽ.വളരെ ശാന്തമായ അന്തരീക്ഷം ആണ്.ആശ്രമങ്ങളും അമ്പലങ്ങളും ഒക്കെ കണ്ടു തിരിച്ചു ഹർ കി പൗരി എത്തി .ആരതി തുടങ്ങാൻ സമയം ഇനിയും ഉണ്ട്.അപ്പോഴാണ് നദിക്കു അക്കരെ ഒരു വലിയ ശിവ പ്രതിമ കണ്ടത് .അങ്ങോട്ട് നടന്നു,ഗംഗ നദിക്കു മുകളിലെ ഒരു പാലം കടന്നു പ്രതിമക്ക് സമീപം എത്തി .ഏകദേശം 100 അടിയോളം ഉയരം ഉള്ള ഒരു മനോഹര നിർമിതി .

ആരതി തുടങ്ങുന്നതിനു മുന്നേ തിരിച്ചു എത്തി ,വലിയ ജന കൂട്ടം തന്നെ ഉണ്ട് കാഴ്ച കാണുവാനായി .അവരിൽ ഒരാളായി ഞാനും ആ കല്പടവിൽ ഇരുന്നു.ആരതി തുടങ്ങി,ഭക്തി സാന്ദ്രമായ അന്തരീക്ഷം .ഗംഗ സ്തുതികൾ മുഴങ്ങുന്നു .ആൾക്കൂട്ടത്തിലൂടെ സംഭാവന കൂപ്പണും ആയി നടക്കുന്ന വളണ്ടീയർമാർ .ഏകശേഷം ഒരു മണിക്കൂറോളം നീണ്ടു നിന്നു ചടങ്ങുകൾ .ആരതി കഴിഞ്ഞു ആൾകൂട്ടം പല വഴിക്കും ചിതറി പോയി .

ഞാൻ മെല്ലെ മാർക്കറ്റിലേക്ക് നടന്നു.ഇടുങ്ങിയ ഗലികൾക്കു ഇരുവശത്തും ആയി കുഞ്ഞു കടകൾ .കമ്പിളി വസ്ത്രങ്ങളും,കളിക്കോപ്പുകളും,,മിട്ടായികളും തുടങ്ങി പല പല സാധനങ്ങൾ ഉണ്ട് വില്പനക്ക്.

ഒരു ബാൻഡ് മേളം കേട്ട ഗലിയിലേക്കു കയറി ചെന്നു .വെള്ള കുതിര പുറത്തു ഒരു സുന്ദരനായ ചെറുപ്പക്കാരൻ.സംഗീതത്തിന് ഒപ്പം നൃത്തം ചെയുന്ന സ്ത്രീകളും പുരുഷന്മാരും.ഒരു വിവാഹ ഘോഷയാത്ര ആണ് അത്.കുറച്ചു നേരം ആ കാഴ്ചകളും കണ്ടു കറങ്ങി തിരിഞ്ഞു ഞാൻ വീണ്ടും ഗംഗ തീരത്തു എത്തി .ഏറെ കുറെ വിജനമായ തീരം.ഒഴിഞ്ഞ തെരുവിൻറെ വശങ്ങളിൽ കീറിയ പുതപ്പും പുതച്ചു ഉറങ്ങുന്നു യാചകർ .ഭഗീരഥിയുടെ സംഗീതം കേട്ടു ശാന്തമായി അവർ ഉറങ്ങുന്നു .

വിജനമായ ഗംഗ തീരത്തു കുറച്ചു സമയം ശൂന്യമായ മനസ്സും ആയി ഞാൻ ഇരുന്നു..അടുത്ത ദിവസം രാവിലെ വീണ്ടും യാത്ര തുടരണം.ദക്ഷ പ്രജാപതി .മനസാ ദേവി വീണ്ടും തിരിച്ചു എത്തുവാനായി ഞാൻ യാത്ര തുടരട്ടെ