ഒരു യൂറോപ്പ് യാത്ര : 2022 - ഒമിക്രോണിനിടയിലൂടെ....!! (Part -1) ---- യാത്രയുടെ ഒരുക്കം

Give your rating
Average: 4 (2 votes)
banner
Profile

Renjith Das

Loyalty Points : 270

Total Trips: 4 | View All Trips

Post Date : 19 Jan 2022

ഒമിക്രോൺ വ്യാപനത്തിനിടെ ഞങ്ങൾ കുടുംബമായി നടത്തിയ ഏറെ വെല്ലുവിളികൾ നിറഞ്ഞ യൂറോപ്പ് യാത്രയുടെ വിശേഷങ്ങളാണ് ഈ പരമ്പരയിൽ. ഞങ്ങളുടെ എല്ലാ യാത്രകളും കുടുംബസമ്മതമാണ് 30 രാജ്യങ്ങൾ ഞങ്ങൾ സന്ദർശിച്ചു കഴിഞ്ഞു, ഞാനും ( രഞ്ജിത് ദാസ് ) ഭാര്യ (Dr. ലിസി അബ്രഹാം) മകൾ (ലയന) മകൻ (റിനോ) എന്നിവരാണ് അംഗങ്ങൾ . കഴിഞ്ഞവർഷം അതായത് 2021 സെപ്റ്റംബർ പകുതിയോട് കൂടിയാണ് ലിസി റിസർച്ച് ആവശ്യത്തിനുവേണ്ടി അയർലണ്ടിലേക്ക് പോകുന്നത്. കോവിഡ് കാരണം വിമാനങ്ങൾ കുറവായിരുന്നതിനാൽ വിമാനം ടിക്കറ്റ് നിരക്കും അധികമായിരുന്നു. ബാംഗ്ലൂരിൽ നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തത് ബ്രിട്ടീഷ് എയർവയസിൽ, ബാംഗ്ലൂരിൽനിന്ന് ലണ്ടനിലെ Heathrow എയർപോർട്ടിലേക്കും അവിടെനിന്ന് അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിലേക്കും. ഡബ്ലിനിൽ നിന്നും 175 കിലോമീറ്റർ അകലെയുള്ള വാട്ടർഫോർഡിലേക്കാണ് പോകേണ്ടത്. ഇവിടെ നിന്നും RTPCR റിസൾട്ടുമായി ട്രെയിനിൽ ബാംഗ്ലൂരിലേക്ക്, ബാംഗ്ലൂർ മെജസ്റ്റിക്കിൽ നിന്നും എയർപോർട്ട് ബസിൽ എയർപോർട്ടിലേക്കും. UK യുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു ദ്വീപാണ് അയർലൻഡ്. ആ ദ്വീപിൽ രണ്ടു രാജ്യങ്ങളാണുള്ളത് നോർത്തേൺ അയർലൻണ്ടും അയർലൻഡ് റിപ്പബ്ലിക്കും. അതിൽ അയർലൻഡ് റിപ്പബ്ലിക്കാണ് വലിയ രാജ്യം അവിടെയാണ് വാട്ടർഫോർഡ്. ഡബ്ലിനിൽ എത്തിയ ദിവസം അവിടെ ഇമാനി എന്ന കൂട്ടുകാരിയോടൊപ്പം അവരുടെ അപ്പാർട്മെന്റിൽ താമസിച്ചു. 2016 ൽ ഒന്നര വർഷത്തോളം ലിസി അയർലണ്ടിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ച് ചെയ്തിരുന്നു. അവിടെ കൂടെ ജോലിചെയ്തിരുന്ന ആളാണ് അൾജീറിയകാരിയായ ഇമാനി. പിറ്റേന്ന് രാവിലെ രാവിലെ ഡബ്ലിനിൽ നിന്നും ബസ്സിൽ വാട്ടർഫോർഡിലേക്ക്. വാട്ടർഫോർഡിൽ 2 ദിവസത്തേക്ക് ഹോട്ടൽ ബുക്ക് ചെയ്തിട്ടുണ്ട്. ഇതിനിടയിൽ താമസസൗകര്യം കണ്ടുപിടിക്കണം. രണ്ടു ദിവസത്തിനകം തന്നെ താമസ സൗകര്യം ശരിയായി, രണ്ടു ദിവസത്തെ ഹോട്ടൽ താമസത്തിനു ശേഷം പുതിയ താമസസ്ഥലത്തേക്ക് മാറി , താമസം വാട്ടർഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും കുറച്ച് അകലെ ആയതിനാൽ യാത്രയ്ക്കായി ആയി ഒരു സൈക്കിൾ മാസ വാടകയ്ക്ക് സംഘടിപ്പിച്ചു.

യാത്ര പദ്ധതി

അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് ക്രിസ്മസ് അവധിക്കു ഒരു യൂറോപ്പ് ട്രിപ്പ് പ്ലാൻ ചെയ്താലോ എന്ന് ഞങ്ങൾ ചിന്തിക്കുന്നത്. 2019 ലെ ജപ്പാൻ യാത്രക്ക് ശേഷം കോവിഡ് ആയതിനാൽ വിദേശയാത്രകളൊന്നും നടന്നിട്ടില്ല. 2017 ൽ വലിയ ഒരു യൂറോപ് യാത്ര ഞങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഈ യാത്ര പ്രധാനമായും ഫിൻലൻഡിൽ പോകുക എന്നതാണ് കൂടെ സ്പെയിൻ, സ്വിറ്റസർലണ്ടിന് സമീപമുള്ള Liechtenstein എന്നീ രജ്യങ്ങൾ പുതുതായി പോകുകയും ഫ്രാൻസ് , സ്വിറ്റ്സർലൻഡ് എന്നിവ ഒന്നുകൂടി സന്ദർശിക്കുകയും ചെയ്യുകയാണ് പരിപാടി. കോവിഡ് ആയതിനാൽ എല്ലാ രജ്യങ്ങൾക്കും പലതരത്തിലുള്ള വിലക്കുകൾ ഉണ്ട്, എന്നാൽ ആ സമയം കോവിഡിന്റ കാഠിന്യത കുറഞ്ഞു വരികയായിരുന്നു. യൂറോപ്പിലെ പ്രമുഖ രാജ്യങ്ങളുടെ വിസിറ്റിംഗ് വിസയെ കുറിച്ച് പഠിച്ചു. അങ്ങനെ ഫ്രാൻസ് വിസ കിട്ടാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. യൂറോപ് സന്ദർശന വിസയെ schengen visa എന്നാണ് അറിയപ്പെടുന്നത്, 26 രാജ്യങ്ങൾ ഒറ്റ വിസ കൊണ്ട് സഞ്ചരിക്കാം യാത്രയിൽ ഏറ്റവും കൂടുതൽ ദിവസം താമസിക്കുന്ന രാജ്യത്തിൻറെ വിസക്കാണ് അപേക്ഷിക്കേണ്ടത്. അങ്ങനെ ഫ്രാൻസ് പ്രധാന കേന്ദ്രമാക്കി ഞങ്ങൾ യാത്ര പ്ലാൻ ചെയ്തു. ഞങ്ങൾ രണ്ടുപേരും രണ്ട് ഡോസ് കോഡിഡ് വാക്സിനും എടുത്തിട്ടുണ്ടെങ്കിലും കുട്ടികൾ 18 വയസ്സിനു താഴെ ആയതിനാൽ വാക്സിൻ എടുത്തിട്ടില്ല, അതൊരു പ്രധാന വെല്ലുവിളിയായിരുന്നു. ഏകദേശ യാത്ര പദ്ധതി തയാറാക്കി. വിമാന ടിക്കറ്റ് എടുക്കുകയാണ് ആദ്യത്തെ നടപടി. അതിനായി ഒരു വിധം നിരക്ക് കുറഞ്ഞ വിമാന ടിക്കറ്റ് കണ്ടുപിടിച്ചു, അത് ബാംഗ്ളൂരിൽ നിന്നും പാരിസിലേക്കുള്ള Lufthansa Airways ൽ, ഈ യാത്രക്ക് ജർമനിയിലെ Frankfurt ൽ ഒരു സ്റ്റോപ്പ് ഉണ്ട്. അതിന്റെ കണക്ഷൻ ഫ്ലൈറ്റായി തിരുവനന്തപുരത്തുനിന്നും ബാംഗൂരിലേക്കു ഇൻഡിഗോയിൽ ബുക്ക് ചെയ്തു. ഡിസംബർ 15 ന് തിരിച്ചു ഫിൻലാൻഡിൽ ക്രിസ്തുമസും പാരിസിൽ ന്യൂ ഇയറും കഴിഞ്ഞു ജനുവരി ആദ്യം തിരിച്ചെത്തുകയാണ് പരിപാടി. ലിസി ഡബ്ലിനിൽ നിന്ന് പാരിസിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. യൂറോപ്പിൽ പലപ്പോഴും വളരെ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ലഭിക്കും. ഡബ്ലിനിൽ - പാരിസ് ടിക്കറ്റ് 20 യൂറോ (Rs. 1700) നാണ് ഞങ്ങൾക്ക് ലഭിച്ചത് തിരിച്ചുള്ളത് 50 യൂറോ (Rs. 4250) ഇത് 1.30 മണിക്കൂർ നീളുന്ന രാജ്യാന്തര യാത്രയാണെന്ന് ഓർക്കണം.

അടുത്ത പരിപാടി ഹോട്ടൽ ബുക്ക് ചെയ്യുകയാണ്. മിക്ക യാത്രകളിലും ഹോട്ടൽ നിരക്ക് കുറക്കുന്നതിന് വേണ്ടി റീഫണ്ട് ഇല്ലാത്ത ഓഫർ ആണ് ഉപയോഗിച്ചിരുന്നത് എന്നാൽ ഈ യാത്രയിൽ എല്ലാ ഹോട്ടലുകളും റീഫണ്ട് ഉള്ള ഓപ്ഷൻ ആണ് ഉപയോഗിച്ചത്, കോവിഡ് ആയിരുന്നു അതിനു കാരണം. ഏകദേശം 5000 രൂപ മുതൽ 9000 രൂപ വരെ ആയിരുന്നു ഹോട്ടലിനു ഒരു ദിവസത്തെ നിരക്ക്. യൂറോപ്പിനുള്ളിലുള്ള യാത്രക്കായി Eurail pass ഉപയോഗിക്കാൻ തീരുമാനിച്ചു. വിനോദസഞ്ചാരികൾക്ക് അതിവേഗ ട്രെയിനുകളിൽ യാത്ര ചെയ്യുന്നതിനുള്ള പസ്സാണ് ഇത്. 15 ദിവസത്തേക്കുള്ള ഗ്ലോബൽ പാസ് (33 രാജ്യങ്ങൾ സഞ്ചരിക്കാം) ആണ് ഞങ്ങൾ എടുത്തത് ഏകദേശം ഒരുലക്ഷത്തിനാല്പത്തിനായിരും രൂപ യാണ് 4 പേർക്കും കൂടി ഈ പാസ്സിന്. ഈ പാസ്സ് ഉണ്ടെങ്കിലും ചില ട്രെയിനുകളിൽ റിസർവേഷൻ ചാർജ് അധികമായി നൽകണം യാത്ര നിരക്ക് സൗജന്യമാണ്.

ഫിൻലൻഡിലേക്ക്, സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ നിന്നും കപ്പൽ മാർഗം പോകാൻ തീരുമാനിച്ചു. ഒരു രാത്രി നീളുന്ന കപ്പൽ യാത്ര ചെന്നെത്തുന്നത് ഫിൻലൻഡിന്റെ തലസ്ഥാനമായാ ഹിൽസിങ്കിയിലാണ്. അങ്ങനെ കപ്പൽ യാത്രയും ആസ്വദിക്കാം, Viking Line ന്റെ ക്രൂയിസ് ഇരു ഭാഗത്തേക്കും ബുക്ക് ചെയ്തു. Eurail പാസ് ഉള്ളതിനാൽ കുറച്ചു ഡിസ്കൗണ്ട് ലഭിക്കും. ബാക്കി യാത്രകളെല്ലാം ബുള്ളറ്റ് ട്രെയിനിൽ ആണ്, സിറ്റിയിൽ മെട്രോ ട്രെയിനുകളെ ആശ്രയിക്കണം അതിനെ വേറെ ടിക്കറ്റ് അല്ലങ്കിൽ പാസ് എടുക്കണം. ആദ്യം പാരീസ് അടുത്തദിവസം സ്പെയിനിന്റെ ഒരു നഗരമായ ബാർസിലോണ അവിടെ രണ്ടു ദിവസം തിരികെ സ്വിറ്റ്സർലൻഡ് അതിനുശേഷം സ്വീഡൻ വഴി ഫിൻലാൻഡിൽ 4 ദിവസം, അവിടെ ക്രിസ്തുമസും തിരികെ സ്വിറ്റ്സർലൻഡിനു സമീപമുള്ള Liechtenstein എന്ന കുഞ്ഞൻ രാജ്യം അതിനുശേഷം പാരിസിൽ ന്യൂ ഇയർ പിന്നെ മടക്കം അതാണ് യാത്ര പദ്ധതി.

വിസ

ബുക്കിംഗ് എല്ലാമായി… ഇനി വിസക്ക് അപേക്ഷിക്കണം. ഓൺലൈനിൽ ഫ്രാൻസ് വിസ അപ്ലിക്കേഷൻ പൂരിപ്പിച്ചു, VFS (Visa Facilitation Services) എറണാകുളത്തു അപ്പോയ്ന്റ്മെന്റ് എടുത്തു- ഏകദേശം ഒരാഴ്ച കഴിഞ്ഞുള്ള തിയതി. വിസ അപ്ലിക്കേഷൻ ചെക്ക് ലിസ്റ്റ് അനുസരിച്ചുള്ള എല്ലാ ഡോക്കുമെന്റ്സും ശരിയാക്കി. അപ്പോയ്ന്റ്മെന്റ് ദിവസം ഞങ്ങൾ മൂന്നുപേരുമായി VFS എറണാകുളത്തേക്ക്, ഡോക്കുമെന്റ്സ് കോപ്പികളുടെ വെരിഫിക്കേഷൻ കഴിഞ്ഞ് ഏകദേശം 10,500/- ഒരാളിന് വിസ ഫീസും vfs സർവീസ് ചാർജും ഉൾപ്പടെ. ബിയോമെട്രിക് , ഫോട്ടോയും കഴിഞ്ഞ് ഞങ്ങൾ എന്റെ സുഹൃത്തായ നവീനിനെയും കണ്ട ശേഷം തിരുവന്തപുരത്തേക്കു മടങ്ങി. ലിസി അയർലണ്ടിലെ റെസിഡൻസ് പെർമിറ്റ് റെഡിയാക്കി അവിടെ ഫ്രാൻസ് വിസക്ക് അപേക്ഷിച്ചു. ഒരാഴ്ചക്കകം ഞങ്ങൾക്ക് വിസ കിട്ടി, കുറച്ചു ദിവസത്തിനകം ലിസിക്കും വിസ റെഡിയായി. അങ്ങനെയിരിക്കെ Lufthansa airways നിന്നും പെട്ടെന്നൊരു മെയിൽ ഞങ്ങളുടെ പാരീസിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ ക്യാൻസൽ ആയി പകരം അടുത്തദിവസം അങ്ങോട്ടേക്കും തിരിച്ചുള്ളത് ബുക്കുചെയ്ത തിയതിയുടെ രണ്ടു ദിവസം കഴിഞ്ഞ വിമാനവും. ഒന്ന് ഞെട്ടി എല്ലാ പ്ലാനുകളും മാറും, ഹോട്ടൽ ബുക്കിങ്ങുകൾ, ഡബ്ലിൻ-പാരീസ് വിമാനടിക്കറ്റ് , തിരുവനതപുരം-ബാംഗ്ലൂർ ടിക്കറ്റ് എന്നിവയെല്ലാം... Lufthansa യുടെ സൈറ്റിൽ വേറെ എന്തെകിലും സാധ്യത ഉണ്ടോ എന്ന് നോക്കി. ഞങ്ങളുടെ ബുക്കിംഗ് സമയവുമായി ഏകദേശം ശരിയാക്കുന്ന മുംബൈ വഴിയുള്ള ഒരു വിമാനം ഉണ്ട് അങ്ങോട്ടേക്കും തിരിച്ചും. Lufthansa കസ്റ്റമർ കെയറിൽ വിളിച്ചു ടിക്കറ്റിനെ ഇതിലേക്ക് മാറ്റി അധികചെലവൊന്നുമില്ലാതെ. ഒരു വലിയ ആശ്വാസം, ഇനി പോകുന്നതിലേക്കുള്ള തയ്യാറെടുപ്പാണ്. ബാഗുകൾ തയാറാക്കി തുടങ്ങി, സെറ്ററുകൾ എല്ലാം കൊണ്ടുപോകണം നല്ല തണുപ്പാണവിടെ -18 മുതൽ +12 ഡിഗ്രി വരെയാണ് ഞങ്ങൾ പോകുന്ന രാജ്യങ്ങളുടെ കാലാവസ്ഥ. ഇതിനിടയിൽ ഓമിക്രോൺ വന്നു, രാജ്യങ്ങൾ പലതും നിന്ത്രണങ്ങൾ കർശനമാക്കി. ഫ്രാൻസ് 18 വയസിന് തഴയുള്ളവർക്ക് ഇളവ് അനുവദിച്ചു അതായത് മാതാപിതാക്കൾ വാക്സിനേറ്റഡ് ആണെങ്കിൽ കുട്ടികൾക്കും ആ സ്റ്റാറ്റസ് നൽകും .... ചെറിയ ഒരാശ്വാസം. എന്തായാലും ഞങ്ങൾ RTPCR റിസൾട്ടുമായി യാത്ര തിരിക്കാൻ തീരുമാനിച്ചു.

ത്രസിപ്പിക്കുന്ന യാത്രക്കായി കാത്തിരിക്കൂ .... അടുത്ത ഭാഗത്തിനായി.....