മരണത്തിന്റെ താഴ്വര

banner
Profile

Jyothi sanoj

Loyalty Points : 125

View All Posts

Post Date : 17 Nov 2021
അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തിലുള്ള ഡെത്ത് വാലി നാഷണൽ പാർക്കിലേക്കുള്ള ഒരു യാത്രയിൽ നിന്നും

Zabriskie point, death valley

അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും താഴ്ന്നതും വരണ്ടതുമായ നാഷണൽ പാർക്ക്. സമുദ്ര നിരപ്പിൽ നിന്നും 280 അടിയോളം താഴ്ചയിലുള്ള Badwater Basin വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും താഴ്ന്ന പ്രദേശമാണ്. ലോകത്തിലെ ഇന്നേ വരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം (134 ഡിഗ്രി ഫാരൻഹീറ്റ്‌, 1913 ജൂലൈ 10). പ്രശസ്തമായ സ്റ്റാർ വാർസ് മൂവി സീരിയസിലെ 4 ,6 എപ്പിസോഡുകളിലെ പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്ത സ്ഥലം. ഇങ്ങനെയുള്ള ഒരിടത്തിനു death valley (മരണത്തിന്റെ താഴ്വര) എന്ന തികച്ചും അശുഭകരമായ ഒരു പേര് കിട്ടിയതെങ്ങനെയെന്നു പാർക്കിൽ ചിലവഴിച്ച മൂന്ന് ദിവസവും ഞാൻ ആലോചിച്ചു കൊണ്ടിരുന്നു. നാഷണൽ പാർക്ക് വെബ്‌സൈറ്റിൽ നിന്നും അതിനുള്ള ഉത്തരവും കിട്ടി. ആ ചരിത്രം വായിച്ചു കഴിഞ്ഞപ്പോൾ മനസിലായി അതിനേക്കാൾ അന്വർത്ഥമായ മറ്റൊരു പേരും ഈ പ്രദേശത്തിന് നൽകാനാവില്ല

അല്പം നീണ്ട ചരിത്രമാണ്- പക്ഷെ ഇത്രയെങ്കിലും വിശദമായി പറഞ്ഞില്ലെങ്കിൽ അതിന്റെ സ്പിരിറ്റ് നിങ്ങളിലേക്കെത്തുകയുമില്ല.

1848-ൽ കാലിഫോർണിയയിലെ Sutter's Mill എന്ന പ്രദേശത്തു സ്വർണ നിക്ഷേപം കണ്ടെത്തിയതിനെതുടർന്ന് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഒരു മികച്ച ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാലിഫോർണിയയിലേക്ക് യാത്ര ചെയ്യാൻ തുടങ്ങി. കാളവണ്ടിയിൽ ആഴ്ചകൾ പിന്നിടുന്ന യാത്രയിൽ ആവശ്യമായ ഭക്ഷണവും മറ്റും റീ-സ്റ്റോക്ക് ചെയ്യാൻ യാത്രാമധ്യേയുള്ള ഒരു പ്രധാന പോയിന്റായിരുന്നു ഇന്നത്തെ Utah സംസ്‌ഥാനത്തിലെ salt lake city. അവിടെ നിന്നും ഗ്രേറ്റ് ബേസിൻ മരുഭൂമിയും സിയാര-നെവാഡ പർവതനിരകളും താണ്ടി വേണം കാലിഫോർണിയയിലെ സ്വർണപാടങ്ങളിൽ എത്താൻ. മഞ്ഞുവീഴ്ച തുടങ്ങിയാൽ സിയാര നെവാഡ മലനിരകളിലൂടെയുള്ള യാത്ര അസാധ്യമാണെന്നതിനാൽ ശൈത്യകാലം തുടങ്ങുന്നതിനു മുൻപ് സാൾട്ട് ലേക്ക് സിറ്റിയിൽ നിന്നും യാത്രതിരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. എന്നാൽ 1849 ഒക്ടോബറിൽ ഒരു കൂട്ടം യാത്രികർ സാൾട്ട് ലേക്ക് സിറ്റിയിലെത്തി. സിയാര നെവാഡയിൽ മഞ്ഞു വീഴ്ച തുടങ്ങിയതിനാൽ ശൈത്യകാലം കഴിയുന്നത് വരെ സാൾട്ട് ലേക്ക് സിറ്റിയിൽ തങ്ങുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു. ആ സമയത്താണ് Old Spanish Trail എന്ന ഒരു പുതിയ വഴിയേക്കുറിച് അവരറിയുന്നത്. സിയാര നെവാഡയുടെ തെക്കേ അറ്റത്തുകൂടെ ചുറ്റി പോകുന്ന ഈ വഴി ശൈത്യകാലത്തും യാത്രചെയ്യാൻ സുരക്ഷിമായിരുന്നു. പ്രശനമെന്താണെന്നു വച്ചാൽ ആ വഴിയിലൂടെ ഇതിനു മുൻപ് ആരും കാളവണ്ടിയിൽ യാത്ര ചെയ്തതായി അറിവില്ല. ഒടുവിൽ ആ വഴിയെക്കുറിച്ചു അറിവുള്ള ഒരാളെ ടൗണിൽ നിന്നും കൂടെക്കൂട്ടി പോകാനുറച്ചു. 1849 ഒക്ടോബറിൽ സാൾട്ട് ലേക്ക് സിറ്റിയിൽ നിന്നും യാത്ര തിരിക്കുമ്പോൾ അവരറിഞ്ഞു കാണില്ല- മനുഷ്യ ചരിത്രത്തിൽ യാതനകളുടെ പുതിയ ഒരദ്ധ്യായം എഴുതിച്ചേർക്കാനാണവർ പോകുന്നതെന്ന്.

നൂറിലേറെ വാഗണുകളുള്ള കൂട്ടത്തിലെ എല്ലാ വാഗണുകളും വേഗതയിൽ യാത്രചെയ്യാൻ പറ്റാത്തതിനാൽ ഗ്രൂപ് ഗൈഡ് ക്യാപ്റ്റൻ ജെഫേഴ്സൺ ഹണ്ട് വളരെ പതുക്കെയായിരുന്നു ഗ്രൂപ്പിനെ നയിച്ചത്. കൂട്ടത്തിലെ പല അംഗങ്ങളും ഈ മെല്ലെപ്പോക്കിൽ നീരസം പ്രകടിപ്പിക്കാൻ തുടങ്ങിയ സമയത്താണ് ക്യാമ്പിലേക്ക് ഒരു ചെറുപ്പക്കാരൻ ഒരു ഭൂപടവുമായി വരുന്നത്. അതിൽ കാണുന്നത് പ്രകാരം മരുഭൂമിയിലൂടെയുള്ള ഒരു കുറുക്കുവഴിയിലൂടെ (shortcut) സഞ്ചരിക്കുകയാണെങ്കിൽ Walker Pass എന്ന സ്ഥലത്തു എളുപ്പത്തിലെത്താം . അങ്ങനെയാണെങ്കിൽ ആകെയുള്ള യാത്രയിൽ നിന്നും 500 മൈൽ (800 കിലോമീറ്റർ) ദൂരം ഒറ്റയടിക്കു ലാഭിക്കാം! കൂട്ടത്തിലുള്ള ഭൂരിഭാഗം ആളുകളും അങ്ങനെ ആ "shortcut" വഴി യാത്ര ചെയ്യാൻ തീരുമാനിച്ചു. ബാക്കിയുള്ളവർ ക്യാപ്റ്റൻ ഹണ്ടിന്റെ കൂടെ Old Spanish Trail വഴി യാത്ര തുടർന്നു. ക്യാപ്റ്റൻ ഹണ്ടിന്റെ മാർഗ്ഗനിർദ്ദേശത്തിൽ നിന്നും വഴി പിരിഞ്ഞു മറ്റു യാത്രക്കാർ യാത്ര തുടങ്ങിയ പോയന്റ് ഇന്നത്തെ Utah സംസ്ഥാനത്തിലെ Enterprise പട്ടണമാണ്. (ഈ ചരിത്ര സംഭവത്തെ അനുസ്മരിക്കാൻ ഹണ്ടിന്റെ ഒരു സ്മാരകവും ഇവിടെയുണ്ട്)

കുറുക്കുവഴിയിലൂടെ യാത്ര തുടങ്ങിയ സംഘം അധികം താമസിക്കുന്നതിന് മുൻപ് തന്നെ അത് എളുപ്പമല്ലെന്ന് മനസ്സിലാക്കി. തുടർന്നു പകുതിയിലേറെ പേരും ആ ഉദ്യമം ഉപേക്ഷിച്ചു തിരികെ ക്യാപ്റ്റൻ ഹണ്ടിന്റെ കൂടെ ചേർന്നു . എന്നാൽ ഇരുപതിലേറെ വാഗണുകൾ ദുർഘടമായ കുറുക്കുവഴിയിലൂടെ തന്നെ യാത്ര തുടർന്നു. വിശ്വാസ യോഗ്യമായ ഒരു മാപ് പോലും കയ്യിലില്ലെങ്കിലും പടിഞ്ഞാറു ഭാഗത്തേക്ക് യാത്ര ചെയ്താൽ വാക്കർ പാസ്സിലെത്തുമെന്നവർ വിശ്വസിച്ചു. ഏറെ ദൂരം യാത്ര ചെയ്ത സംഘം ഇന്നത്തെ നെവാഡ സംസ്ഥാനത്തിലെ Panaca യിലെത്തി . അവിടെ നിന്നും ഒട്ടേറെ മലനിരകൾ പിന്നിട്ടു ബാരെൻ താഴ്വരയും കടന്നു ഇന്നത്തെ റേച്ചൽ പട്ടണത്തിനടുത്തുള്ള Groom Lake ൽ എത്തി .അവിടെ നിന്നും മുന്നോട്ടുള്ള യാത്ര ഏതു വഴിക്കു ആകണമെന്നതിനെക്കുറിച്ചു തർക്കമുണ്ടാകുകയും സംഘം വീണ്ടും രണ്ടായി പിരിയുകയും ചെയ്തു. പക്ഷെ ഇരു കൂട്ടരും എത്തിപ്പെട്ടത് ഇപ്പോഴത്തെ ഡെത്ത് വാലിയിൽ ആണ്. ക്യാപ്റ്റൻ ഹണ്ടിന്റെ Old Spanish Trail വഴിയുള്ള യാത്രയിൽ നിന്നും വേർപിരിഞ്ഞു കുറുക്കു വഴിയിൽ യാത്ര ചെയ്യാൻ തുടങ്ങിയിട്ടു രണ്ടു മാസത്തിലേറെയായി. ആവശ്യത്തിന് പുല്ലും വെള്ളവും കിട്ടാതെ കാളകൾ ക്ഷീണിച്ചിരിക്കുന്നു . ദുര്ഘടപ്പാതയിലൂടെയുള്ള യാത്ര കാരണം വാഗണുകൾ തകരാറായിരിക്കുന്നു. മനുഷ്യവാസമുള്ള സ്ഥലത്തിന്റെ അടയാളം പോലും എങ്ങുമില്ല. മാർഗ തടസം സൃഷ്ട്ടിച്ചു കൊണ്ട് മുന്നിൽ വന്മതിൽ പോലെ നിൽക്കുകയാണ് പാനമിൻ പർവത നിരകൾ.കണ്ണെത്താ ദൂരത്തോളം..

രണ്ടായി പിരിഞ്ഞ ഗ്രൂപ്പിലെ ഒരു ഗ്രൂപ് വടക്കു ഭാഗത്തേക്കു യാത്ര ചെയ്തു Mesquite sand dunes ൽ എത്തിച്ചേർന്നു. മണൽ കുന്നുകളിലൂടെ കാളവണ്ടിയിൽ യാത്ര ചെയ്യാൻ പറ്റില്ലെന്ന് മനസിലായപ്പോൾ കാളവണ്ടി ഉപേക്ഷിച്ചു നടക്കാൻ തീരുമാനിച്ചു. കാളകളെ അറുത്തു അവരുടെ വാഗണുകളുടെ വിറകും ഉപയോഗിച്ചു മാംസം പാചകം ചെയ്തു കയ്യിൽ കരുതി. പാനമിൻ പർവതനിരകളും താഴ്വരയും പിന്നിട്ടു ഇന്ത്യൻ വെൽസ് താഴ്വരയിലെത്തി. അവിടെ കണ്ട നടപ്പാത പിന്തുടർന്നു അടുത്ത ഗ്രാമത്തിൽ എത്തുന്നു

രണ്ടാമത്തെ ഗ്രൂപ് ഇപ്പോഴും മരുഭൂമിയിൽ ഉഴറുകയാണ്.. ബാഡ് വാട്ടർ ബേസിനിലെ ഉപ്പുപാടങ്ങളിൽ നിന്നും Warm Springs Canyon വഴി പാനമിൻ മൗണ്ടൈൻസ് ക്രോസ് ചെയ്യാൻ ഒരു ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടതിനെത്തുടർന്നു താഴ്വരയിലേക്ക് തിരികെ പോന്നു. തുടർന്നു ഭക്ഷണവും അവശ്യ സാധനങ്ങളും ശേഖരിച്ചു വരാൻ കൂട്ടത്തിൽ നിന്നും രണ്ടു യുവാക്കൾ പർവതം മുറിച്ചു കടന്നു പോകാൻ തയ്യാറാകുന്നു. പക്ഷെ അവർക്കു അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു.. തങ്ങളുടെ മുന്നിലുള്ളത് സിയാര നെവാഡ മൗണ്ടൈൻസ് ആണെന്നും അത് കൊണ്ട് ആവശ്യവസ്തുക്കളുമായി യുവാക്കൾ ഉടനെതിരിച്ചു വരുമെന്നുമായിരുന്നു ക്യാമ്പിലുള്ളവരുടെ വിശ്വാസം..എന്നാൽ പാനമിൻ മൗണ്ടൈൻ കടന്നു 300

മൈൽ അകലെയുള്ള സാൻ ഫെർണാണ്ടോയിലെത്താൻ ഒരു മാസത്തിലേറെ സമയം വേണ്ടി വന്നു. അവിടെ നിന്നും അവശ്യ സാധനങ്ങളുമായി രണ്ടു കുതിരകളും ഒരു കോവർ കഴുതയുമായി യുവാക്കൾ ക്യാമ്പിലേക്ക് തിരികെ പോയെങ്കിലും വഴിയിൽ വച്ച് ഒരു കുതിര ചാവുകയും മറ്റു രണ്ടെണ്ണത്തിനെ വഴിയിൽ ഉപേക്ഷിക്കേണ്ടിയും വന്നു. അങ്ങനെ ഒരു വിധത്തിൽ മാസങ്ങൾക്കു ശേഷം ഭക്ഷണവും പുറത്തേക്കുള്ള വഴിയെക്കുറിച്ചുള്ള അറിവുമായി യുവാക്കൾ തിരികെ ക്യാമ്പിൽ എത്തിയപ്പോഴേക്കും ഭൂരിഭാഗം പേരും അവിടെ നിന്നും പുറത്തേക്കുള്ള വഴി തേടി സ്വന്തം നിലയിൽ പുറപ്പെട്ടു പോയിരുന്നു.. അവരിൽ എത്ര പേർ ജീവനോടെ പുറത്തെത്തി എന്ന് ആർക്കും അറിവില്ല. എന്നാൽ കുഞ്ഞു കുട്ടികൾ അടങ്ങുന്ന രണ്ടു കുടുബങ്ങൾ മാത്രം അപ്പോഴും യുവാക്കൾ തിരിച്ചു വരുമെന്ന് വിശ്വസിച്ചു അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.. ഈ നീണ്ട കാത്തിരിപ്പിൽ ഒരാൾ ഇതിനകം പട്ടിണിയും വാസയോഗ്യമല്ലാത്ത കാലാവസ്ഥയും കാരണം മരണപ്പെട്ടിരുന്നു. തങ്ങളുടെ കുഴിമാടം ഈ മരുഭൂമി തന്നെ ആയിരിക്കുമെന്ന് അവരിൽ പലരും വിശ്വസിച്ചു . ഒടുവിൽ അവിടെനിന്നും രക്ഷെപ്പട്ടു പോകുമ്പോൾ മലയുടെ മുകളിലെത്തിയ ശേഷം കൂട്ടത്തിലൊരാൾ തിരിഞ്ഞു താഴ്വരയിലേക്കു നോക്കി പറഞ്ഞു "goodbye death valley". അങ്ങനെയാണ് ഡെത്ത് വാലിക്ക് ആ പേര് ചാർത്തി കിട്ടിയത്.

ഇന്ന് ഡെത്ത് വാലിയുടെ പ്രധാനപ്പെട്ട എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് സമതലങ്ങളിലൂടെയും മലയിടുക്കുകൾ കീറിമുറിച്ചും ഹൈവേ 190, ഹൈവേ 374 തുടങ്ങിയ റോഡുകൾ ഉണ്ട്. lost 49 ers എന്നറിയപ്പെടുന്ന ആ സംഘം യാത്ര ചെയ്ത അതേ ദിശയിൽ ആണ് ഇന്നത്തെ ഹൈവേ 190 ഉള്ളത്. ഇന്ന് യാത്ര ചെയ്യുന്ന സഞ്ചാരികൾക്കു കാറിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ ഡെത്ത് വാലി ഏതാണ്ട് മുഴുവനായും ചുറ്റിക്കറങ്ങി കാണാനും പറ്റും .എങ്കിലും ഒന്നര നൂറ്റാണ്ടിനു മുൻപ് അതിജീവനത്തിന്റെ വഴി തേടി പോയ ഒരു കൂട്ടം മനുഷ്യർ നരക യാതനകൾ ഏറ്റുവാങ്ങിയ സ്ഥലത്തു കൂടെയാണ് നമ്മൾ ഇപ്പോൾ കാറിൽ പോകുന്നത് എന്ന ചിന്ത ഡെത്ത് വാലിയുടെ ചരിത്രമറിഞ്ഞ ശേഷം യാത്ര ചെയ്യുന്നവരുടെ മനസിലേക്ക് ഒരു തവണയെങ്കിലും വരാതിരിക്കില്ല

 

Some Useful Travel Accessories