ചരിത്രം ഉറങ്ങുന്ന വലിയങ്ങാടിയും മധുരമുള്ള മിട്ടായി തെരുവും

Give your rating
Average: 4 (2 votes)
banner
Profile

Jasmin Nooruniza

Loyalty Points : 445

Total Trips: 12 | View All Trips

Post Date : 21 Oct 2021
23 views

കോഴിക്കോട് പോകുമ്പോഴെല്ലാം ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് മിട്ടായി തെരുവ്‌.  കഴിഞ്ഞ വട്ടം പോയപ്പോൾ എന്തായാലും അതിനുള്ള ഭാഗ്യം കിട്ടി. വണ്ടി സൗത്ത് ബീച്ചിനടുത്ത്‌ പാർക്ക് ചെയ്ത്, ചരിത്രം ഉറങ്ങുന്ന വലിയങ്ങാടിയിലൂടെ മിട്ടായി തെരുവ് ലക്ഷ്യമാക്കി നടന്നു. ചരക്ക് കയറ്റുകയും ഇറക്കുകയും ചെയ്യുന്ന തൊഴിലാളികളും ലോറികളും, എല്ലാം കൊണ്ടും ആകെ ബഹളമാണ് വലിയങ്ങാടിയിൽ. അതിന് ഇടയിലൂടെ ഇങ്ങനെ നടക്കുന്നത് തന്നെ ഒരു ഫീൽ ആണ് .

ഒരു കാലത്ത്‌ ലോകത്തിലെ സമ്പന്ന നഗരങ്ങളിൽ ഒന്നായിരുന്നു കോഴിക്കോട്. കോഴിക്കോടിന്റെ ഇന്നലെകളുടെ ചരിത്രം തിരഞ്ഞാൽ നമ്മൾ ആദ്യം എത്തുന്നത് വലിയങ്ങാടിയിൽ ആയിരിക്കും. കോഴിക്കോട് കടപ്പുറത്ത്‌ പണ്ട് പായക്കപ്പലുകൾ വന്നിരുന്ന കാലത്തോളം പഴക്കമുണ്ട് വലിയങ്ങാടിയുടെ ചരിത്രത്തിന്. ആ പഴയ പെരുമ ഒന്നും ഇന്ന് കാണാനില്ലെങ്കിലും, കോഴിക്കോടിന്റെ പ്രധാന വ്യാപാര കേന്ദ്രം ഇപ്പോഴും വലിയങ്ങാടി തന്നെയാണ്.

ഇതിലൂടെ ഇങ്ങനെ നടക്കുമ്പോൾ ആ പ്രതാപത്തിനെ കുറിച്ച് ഓർമ്മിക്കാതെ കടന്ന് പോകാനാകില്ല. പണ്ട് കാലത്ത്‌ ഇവിടേക്ക് കച്ചവടത്തിന് വന്ന കുറേ ആളുകൾ പിന്നെ തിരിച്ചു പോയില്ല. അവർ അവരുടെ സംസ്കാരം മുറുകെ പിടിച്ചു കോഴിക്കോട് തന്നെ കൂടി. അങ്ങനെ വരുന്നവരെ ചേർത്ത് പിടിക്കാൻ ഉള്ള എന്തോ ഒരു കഴിവ് ഇപ്പോഴും കോഴിക്കോടുകാർക്ക് ഉണ്ട്.

അങ്ങനെ ഓരോന്ന് ഓർത്ത്‌ നടന്ന് മിട്ടായി തെരുവിന്റെ റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള കവാടത്തിലെത്തി. അവിടം മുതൽ കാഴ്ച്ചകൾക്ക് മറ്റൊരു ചന്ദമാണ്. കവാടത്തിനോട് ചേർന്ന് തന്നെ ഒരുപാട് ഹൽവ വിൽക്കുന്ന കടകൾ. അതും പല കളറിലും വ്യത്യസ്ത രുചിയിലും ഉള്ള ഹൽവകൾ. അത് കാണുമ്പോൾ തന്നെ വായിൽ വെള്ളം വരും. ബദാം, പിസ്ത, കരിക്ക്, മാമ്പഴം, പച്ചമുളക് അങ്ങനെ ഏകദേശം 48 ഓളം വ്യത്യസ്ത രുചികളിൽ വർണ വിസ്മയം തീർത്തിരിക്കുന്നു. ഓരോന്നും രുചിച്ചു നോക്കി ഇഷ്ടമുള്ളത് വാങ്ങാം.

കോഴിക്കോടൻ തെരുവിലെത്തി ഹൽവമധുരം ശരിക്ക് ബോധിച്ച യൂറോപ്പുകാർ വ്യത്യസ്തങ്ങളായ നിറങ്ങളിൽ ഹൽവകൾ ഒരുക്കുന്ന തെരുവിനെ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് എന്ന് വിളിച്ചു. ഹൽവയെ യൂറോപ്പുകാർ വിളിച്ചിരുന്ന ഓമനപ്പേരായിരുന്നു സ്വീറ്റ് മീറ്റ് എന്നത്. പിന്നീട് ആ പേര് മലയാളീകരിക്കപ്പെട്ടാണ്  മിഠായിത്തെരുവായത്. ഇതിനും ഏറെക്കാലം മുൻപ്  ഹുസൂർ റോഡ്‌ എന്നാണ് മിട്ടായി തെരുവ് അറിയപ്പെട്ടത്.

ഹൽവ മധുരം പിന്നിട്ട് മുന്നിലേക്ക് പോകുമ്പോൾ വളകളും, കമ്മലുകളും, ചെരുപ്പുകളും, തുണിത്തരങ്ങളും കൊണ്ട് തെരുവ് നിറഞ്ഞിരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. 20 രൂപ മുതൽ ഉള്ള കമ്മലുകൾ, 200 രൂപക്ക് ഭംഗിയുള്ള ബാഗുകൾ, 100 രൂപ മുതൽ ചെരുപ്പുകൾ, 500 രൂപക്ക് 4 കുർത്തകൾ… അങ്ങനെ മിട്ടായി തെരുവ് നമ്മളെ ശെരിക്കും ഞെട്ടിക്കും. 1000 രൂപയുമായി പോയാൽ കൈ നിറയെ സാധനങ്ങൾ വാങ്ങാം.

മിട്ടായി തെരുവിന്റെ മറ്റൊരു കവാടത്തിൽ തെരുവിലേക്ക് അഭിമുഖമായി തെരുവിന്റെ കഥാകാരൻ എസ് കെ പൊറ്റക്കാടിന്റെ പ്രതിമ കാണാം. എത്രയും പെട്ടെന്ന് കോഴിക്കോട് എത്തി എനിക്ക് മിട്ടായി തെരുവിലൂടെ നടന്നാൽ മതി എന്ന് പറഞ്ഞ കഥാകാരനാണ് എസ് കെ പൊറ്റക്കാട്. അദ്ദേഹത്തോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ നോവലുകളിലെ കഥാ സന്ദർഭങ്ങളും, കഥാപാത്രങ്ങളും, അതിലെ വരികളും ഒക്കെ ഇവിടെ ഭിത്തിയിൽ കൊത്തി വെച്ചിട്ടുണ്ട്. അവിടെ തന്നെ ഒരുപാട് ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിൽ വെറുതെ വന്ന് ഇരുന്ന് കാഴ്ച്ചകൾ കാണാനും വർത്തമാനം പറയാനും പറ്റിയ ഒരു ഇടം. അവിടെ നിന്ന് മടങ്ങിയിട്ടും മിട്ടായി തെരുവിന്റെ ഫീൽ കുറേ നേരം മനസ്സിൽ അങ്ങനെ തന്നെ നിന്നു.

ഈ യാത്രയുടെ വിശദമായ വീഡിയോ എന്റെ യൂട്യൂബ് ചാനലിൽ (Jasmin Nooruniza) അപ്‌ലോഡ് ചെയ്തിട്ടുണ്ട്.