ഭൂട്ടാൻ ഡയറീസ് - 1

Give your rating
Average: 4 (2 votes)
banner
Profile

Loyalty Points : 80

Total Trips: 2 | View All Trips

Post Date : 28 Jun 2021

ആമുഖം

                എന്നെ സംബന്ധിച്ചിടത്തോളം യാത്ര എന്നത് ഒരു ഒളിച്ചോട്ടം ആണ്. അതുമല്ലെങ്കിൽ സ്വയം തെളിയിക്കാൻ, ഒരു കാര്യം എങ്കിലും സ്വന്തം ഇഷ്ടത്തിന് ചെയ്യാൻ ഉള്ള ഒരു ശ്രമം. ഞാൻ ഹൈദരാബാദിൽ ഐബിഎം കമ്പനിയിൽ ജോലി ചെയ്തു തുടങ്ങിയ സമയം മുതൽക് ഉള്ള പരിചയം ആണ് അശ്വതിയെ. എൻ്റെ ആത്മാർത്ഥസുഹൃത്തുക്കളിൽ ഒരാൾ. എന്നെങ്കിലും ഒരുമിച്ചു ഒരു യാത്ര പോവണം എന്ന ആഗ്രഹം പങ്കുവെച്ച സുഹൃത്ത്. ബാംഗ്ലൂരിൽ അവളുടെ വീട്ടിൽ പോയി നിന്ന് അവളുടെ കുടുംബത്തെയും നല്ല പരിചയം ഉണ്ട്. അങ്ങനെയാണ് അവളുടെ അനുജത്തിമാരും ഈയൊരു യാത്രയിലേക്ക് എത്തിച്ചേരുന്നത്‌. എന്റെ അനിയത്തി സമയത്തു ന്യൂസിലൻഡ് ആയിരുന്നു. അമൃതയും ആര്യയും ഉണ്ണി എന്ന അലീനയും. 3 പേരോടും താല്പര്യം ചോദിച്ചു. എന്റെ അനിയത്തി ഉണ്ണിക്കു സ്വാഭാവികമായും പറ്റാത്ത സാഹചര്യം ആയിരുന്നു. അതുപോലെ ആര്യയ്ക്ക് പരീക്ഷ തിരക്കും. അങ്ങനെ ഞാനും അശ്വതിയും അമൃതയും (അമ്മു) ഒരുമിച്ച് യാത്ര പോവാൻ തീരുമാനിച്ചു.

             യാത്ര പോവാൻ തീരുമാനിച്ചു എന്ന് പറഞ്ഞാൽ ചിലപ്പോൾ അത് ഒരു അതിശയോക്തി ആവും. കാരണം ഒരു യാത്ര പോവാം എന്നേ തീരുമാനിച്ചിരുന്നുള്ളു. എവിടേക് എന്ന് എങ്ങനെ - ഇത് മൂന്നും ഒരു ചോദ്യചിഹ്നം തന്നെ ആയിരന്നു. വാട്ട് സാപ് ഗ്രൂപ്പിൽ ചൂടുള്ള ചർച്ചകളുടെ തുടക്കം ആയിരുന്നു അവിടെ. എവിടെ എന്ന പ്രധാന ചോദ്യം പലവട്ടം ചർച്ചക് വിധേയമായി. ഇന്ത്യക്കകത്തു തന്നെ വേണോ അതോ ഇനി ഇൻഡ്യക് പുറത്തുള്ള ഏതേലും രാജ്യം കാണണോ എന്നുള്ള അടിസ്ഥാന ചോദ്യങ്ങൾ ആയിരുന്നു ആദ്യം. കാര്യം 4 ,5 വർഷമായി ജോലി ചെയ്യുന്നവർ ആണെങ്കിലും സമ്പാദ്യത്തിന്റെ കണക്കെടുപ്പിൽ ഞാൻ വെറുമൊരു വട്ടപ്പൂജ്യം ആയിരുന്നു. അവരുടേം സ്ഥിതി അത് തന്നെ. പക്ഷെ ഇംഗ്ലീഷിൽ ഒരു പ്രയോഗം ഉണ്ട്. Go big or Go home. അതായിരുന്നു ഇവിടെ സംഭവിച്ചത്. ഇന്ത്യക്കു പുറത്തു പോവണം എന്നാൽ ചിലവ് കുറവുള്ള ഒരു ഇന്റർനാഷനൽ ട്രിപ്പ്. അതിലേക്കായി പിന്നെ ഞങ്ങളുടെ ലക്ഷ്യം. അങ്ങനെ മാലി ദ്വീപുകൾ, കമ്പോഡിയ, ഭൂട്ടാൻ, നേപ്പാൾ, മലേഷ്യ എന്നിങ്ങനെ ഉള്ള സ്ഥലങ്ങൾ മനസ്സിൽ വന്നു.

          ഹിമാലയം എന്നും എന്നെ മോഹിപ്പിച്ച സ്ഥലങ്ങളിൽ ഒന്നാണ്. പക്ഷെ മഞ്ഞു മൂടിയ മലനിരകളെക്കാൾ പച്ചപുതച്ച അതിന്റെ താഴ്വാരങ്ങളോട്ആയിരുന്നു എനിക്ക് പ്രണയം. മാത്രമല്ല വായിച്ചുള്ള അറിവുകൾ വെച്ച് ഒരിക്കലെങ്കിലും പോവണം എന്ന തീവ്രമായ ആഗ്രഹം തോന്നിപ്പിച്ച സ്ഥലം ആയിരുന്നു ഭൂട്ടാൻ. എന്റെ ഭൂട്ടാൻ താല്പര്യം അശ്വതിക്ക് ആദ്യമേ അറിയാം. അവൾക്കും ഇഷ്ടമുള്ള സ്ഥലം ആയിരുന്നു അത്. അമ്മുവിനും താല്പര്യം ഉണ്ട്. അങ്ങനെ "ദി ലാൻഡ് ഓഫ് തണ്ടർ ഡ്രാഗൺ " ആയ ഭൂട്ടാൻ ആയി ഞങ്ങളുടെ ലക്ഷ്യം.

          യാത്രയുമായി ബന്ധപ്പെട്ട ഒട്ടനേകം വെബ്സൈറ്റുകളിൽ അന്വേഷിച്ചെങ്കിലും ഞങ്ങളുടെ ബഡ്ജറ്റിന് ഒത്ത ഒരു പാക്കേജ് കിട്ടാൻ കുറച്ചു കഷ്ടപ്പെടേണ്ടതായി വന്നു. അമ്മുവിൻറെ നിതാന്ത പരിശ്രമം മൂലം അവസാനം ഇൻസ്റാഗ്രാമിന്റെ സഹായത്താൽ ഒരു ടൂർ ഓപ്പറേറ്ററെ കണ്ടുപിടിക്കുകയും ചിലവുകളും തീയതിയും തീരുമാനിക്കുകയും ചെയ്തു. തുടക്കത്തിൽ പറഞ്ഞ പോലെ എന്നെ സംബന്ധിച്ചിടത്തോളം എന്നെക്കൊണ്ട് എന്തെങ്കിലുമൊക്കെ സാധിക്കും എന്ന് എന്നെ തന്നെ മനസിലാക്കിക്കാൻ ഉള്ള ഒരു ശ്രമം ആയിരുന്നു എൻറെയീ യാത്ര. അതുകൊണ്ട് തന്നെ എന്റെ ഭാഗത്തു നിന്ന് ഒരാളെ പോലും അറിയിക്കാൻ എനിക്ക് പേടിയായിരുന്നു. ഏതെങ്കിലും കാരണം കൊണ്ട് ഇത് നടക്കാതെ വന്നാൽ ഉണ്ടാവുന്ന നാണക്കേട് ഓർത്തായിരുന്നു പ്രധാന പേടി. എന്റെ കുടുംബത്തിലെ ആരോടും പറഞ്ഞില്ല. സഹപ്രവർത്തകരോടും പറഞ്ഞില്ല. ഒരാഴ്ചക്കു ലീവ് ആവശ്യപ്പെട്ടപ്പോൾ ഔട്ട് ഓഫ് സ്റ്റേറ്റ് ആയിരിക്കും എന്ന് മാത്രം മാനേജരോട് പറഞ്ഞു. പോവുന്നതിനു രണ്ടു ദിവസം മുൻപ് മാത്രം ടീമംഗത്തോട് പറഞ്ഞു. യാത്രക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ അതീവ രഹസ്യമായി തന്നെ നടത്തി. അവസാനം എല്ലാം തയ്യാറാക്കി വെച്ചുകൊണ്ട് 2019 സെപ്റ്റംബർ 25നു ഞാൻ ഉറങ്ങാൻ കിടന്നു. വെറുതെ കിടന്നു എന്ന് പറയുന്നതാവും കുറച്ചുകൂടെ ശരി. എൻ്റെ ആഗ്രഹങ്ങളുടെ ദീർഘമായ പട്ടികയിലെ ഏറ്റവും മുകളിലുള്ള കാര്യം - വിദേശയാത്ര, അതും ഏറ്റവും അധികം ആഗ്രഹിച്ച സ്ഥലത്തേക്കുള്ള യാത്ര തുടങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. രാവു വെളുപ്പിക്കാൻ ഒരു പ്രത്യേക സുഖം തന്നെ ആയിരുന്നു. ലോകം നേടാൻ പോവുന്ന യോദ്ധാവിൻറെ മനസ്സോടെ ഞാൻ ഹോസ്റ്റൽ മുറിയിലെ സിംഗിൾ ബെഡിൽ കിടന്നു, പച്ച പുതച്ച തണുപ്പുള്ള ഭൂട്ടാനെ മനസ്സിൽ കണ്ടുകൊണ്ട്.