അമേരിക്കയിലെ ആദിമ നിവാസികൾ അഥവാ ഇന്ത്യൻസ്

Give your rating
Average: 4 (2 votes)
banner
Profile

Jyothi sanoj

Loyalty Points : 195

Total Trips: 5 | View All Trips

Post Date : 04 Feb 2022
3 views
Monument valley

യാത്ര ചെയ്യാൻ തുടങ്ങിയ സമയം മുതൽ പലയിടത്തും പ്രത്യേകിച്ചും അരിസോണ, യൂട്ടാ സംസ്ഥാനങ്ങളിലെ ഉൾപ്രദേശങ്ങളിൽ കാണാറുള്ളതായിരുന്നു "ഇന്ത്യൻ റിസർവേഷൻ", "ഇന്ത്യൻ വില്ലേജ്" , "ഇന്ത്യൻ ടൌൺ" തുടങ്ങിയ സൈൻ ബോർഡുകൾ. അതിന്റെ അർത്ഥമെന്താണെന്നു അന്ന് മനസ്സിലായിരുന്നില്ല. ഹസ്ബന്റിനോട് ചോദിച്ചു നോക്കിയപ്പോൾ പറയുകയാണ് - നമ്മുടെ നാട്ടിൽ നിന്നും വന്ന ആളുകൾ തിങ്ങിപാർക്കുന്ന വല്ല സ്ഥലവും ആയിരിക്കുമെന്ന്. കാട്ടിലും മലയിടുക്കിലുമൊക്കെയൊ? ജിജ്ഞാസ ശമിപ്പിക്കാൻ ഗൂഗിളിനെത്തന്നെ സമീപിക്കേണ്ടി വന്നു . അമേരിക്കയിലെ ആദിമ നിവാസികളെ അല്ലെങ്കിൽ ശരിക്കുമുള്ള തദ്ദേശീയരായ അമേരിക്കക്കാരെ (native Americans) പൊതുവെ വിളിക്കുന്ന പേരാണ് "ഇന്ത്യൻസ്" എന്ന്. നമ്മുടെ നാട്ടുകാരുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ ഒരു ചെറിയ ബന്ധമില്ലാതില്ല . അത് പറയണമെങ്കിൽ അമേരിക്ക കണ്ടു പിടിച്ച ക്രിസ്റ്റഫർ കൊളംബസിന്റെ സമയത്തേക്ക് പോകണം

കൊളംബസ് അമേരിക്ക കണ്ടുപിടിച്ചു എന്ന പ്രയോഗം തന്നെ മുഴുവനായും ശരിയല്ല. കൊളംബസ് വരുന്നതിനു മുൻപ് തന്നെ അമേരിക്കയിൽ ആളുകൾ ഉണ്ടായിരുന്നു. അമേരിക്കൻ ഭൂഖണ്ഡത്തിൽ എത്തിപ്പെടുന്ന ആദ്യത്തെ യൂറോപ്യൻ മാത്രമായിരുന്നു കൊളംബസ്. കൊളംബസ് അമേരിക്കയിൽ എത്തിപ്പെട്ടതാകട്ടെ സൗത്ത് ഏഷ്യയിലേക്കുള്ള ഒരു പുതിയ കടൽപാത കണ്ടുപിടിക്കാനുള്ള ശ്രമത്തിനിടയിലും. അന്നത്തെ ലോകക്രമം നിയന്ത്രിച്ചിരുന്ന യൂറോപ്യൻസിനു പക്ഷെ അമേരിക്ക എന്ന ഒരു ഭൂഖണ്ഡം ഉണ്ടായിരുന്നതായിതന്നെ അറിവില്ലായിരുന്നു. അത് കൊണ്ട് താൻ എത്തിച്ചേർന്നത് ഇന്ത്യയിൽ ആണെന്ന് കൊളംബസ് വിശ്വസിച്ചു. അവിടെ കണ്ടവരെ "ഇന്ത്യൻസ്" എന്ന് വിളിച്ചു . അങ്ങനെയാണ് നേറ്റീവ് അമേരിക്കൻസിനു ഇന്ത്യൻസ് എന്ന പേര് ആദ്യമായി കിട്ടിയത്

നേറ്റീവ് അമേരിക്കൻസ് നമ്മൾ പലരുടെയും സങ്കൽപ്പത്തിലെ അമേരിക്കക്കാരുമായി അല്ലെങ്കിൽ അറിയപ്പെടുന്ന പല അമേരിക്കകാരുമായും രൂപത്തിൽ വലിയ സാദൃശ്യമൊന്നും ഇല്ല. അല്പം ഇരുണ്ട നിറവും കറുത്ത മുടിയും ഇടുങ്ങിയ കണ്ണുകളും ഉള്ള ഇവർക്ക് കൂടുതൽ സാമ്യം ഏഷ്യൻ വംശജരുമായാണ് . ഇന്ന് നമ്മൾ അമേരിക്കയിൽ കാണുന്ന വെള്ളമുടിയും നീലക്കണ്ണുകളും ഒക്കെ ഉള്ള അമേരിക്കക്കാർ യൂറോപ്പിൽനിന്നും തലമുറകൾക്കു മുന്നേ കുടിയേറിവരാണ്. കുടിയേറിയതാണോ കയ്യേറിയതാണോ എന്നൊക്കെ ചോദിച്ചാൽ.. അതെന്തായാലും അവരൊക്കെ വരുന്നതിനും മുൻപ് മണ്ണിൽ സ്ഥിരതാമസമാക്കിയ ഒരു പാട് ഗോത്രങ്ങൾ ഇവിടെയുണ്ടായിരുന്നു . അവരുടെ കൈവശം ഉണ്ടായിരുന്ന ലക്ഷകണക്കിന് ഏക്കർ ഭൂമി വിട്ടു നൽകിയാണ് ഇന്ന് നമ്മൾ കാണുന്ന അമേരിക്ക ഉണ്ടായതു. അതിനു പകരമായി അവർക്കു നൽകിയത് അവർ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളിലെ സ്വയം ഭരണാവകാശമാണ്. അങ്ങനെയുള്ള പ്രദേശങ്ങളെയാണ് ഇന്ത്യൻ റിസെർവഷൻസ് എന്ന് വിളിക്കുന്നത്. ഇന്ത്യൻ റിസെർവഷൻസ് സ്ഥിതിചെയ്യുന്ന സംഥാനങ്ങളിലെ നിയമങ്ങൾ സാധരണ ഗതിയിൽ ഇവിടെ ബാധകമല്ല. ഫെഡറൽ നിയമങ്ങളും ഫെഡറൽ നിയമങ്ങൾക്കു എതിരില്ലാത്ത രീതിയിൽ ഓരോ ഗോത്രങ്ങളും രൂപീകരിക്കുന്ന ട്രൈബൽ നിയമങ്ങളുമാണ് ഇവിടെ നടപ്പിലാക്കുന്നത്.

അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലായി ഇതുപോലെ 326 ഇന്ത്യൻ റിസെർവഷൻസ് ഉണ്ട്.അതിലെ ഏറ്റവും വലിയതാണ് അരിസോണ,യൂട്ടാ, ന്യൂ മെക്സിക്കോ സംസ്ഥാങ്ങളിൽ ആയി 44 ,116 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന Navajo Nation (നാവഹോ നേഷൻ). നാവഹോ നേഷന്റെ ഭാഗമായ മോണുമെന്റ് വാലി എന്ന സ്ഥലത്തേക്ക്ണ് ഇത്തവണത്തെ ഞങ്ങളുടെ യാത്ര

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശനമായ ഉപാധികളോടെയാണ് മോണുമെന്റ് വാലിയിലേക്കുള്ള പ്രവേശനം. വാലി ഡ്രൈവ് എന്ന് വിളിക്കുന്ന 27 കിലൊമീറ്റർ ദൂരത്തിലുള്ള മൺപാതയിലൂടെ യുള്ള യാത്രയാണ് മോണുമെന്റ് വാലിയിലെ പ്രധാന ആകർഷണം. ഇത് പൂർണമായും നവാഹോ നേഷന്റെ ട്രൈബൽ ഏരിയയിൽ വരുന്നതിനാൽ അവിടെയുള്ള വിസിറ്റർ സെന്ററിൽ നിന്നും പെർമിറ്റ് എടുത്താൽ മാത്രമേ സ്വകാര്യ വാഹനങ്ങൾക്ക് ഇങ്ങോട്ടു പ്രവേശനമുള്ളൂ.. മാത്രമല്ല ഒരു ദിവസം നിശ്ചിത വാഹനങ്ങൾക്ക് മാത്രമേ പെർമിറ്റ് നൽകൂ എന്നും വിസിറ്റർ സെന്ററിൽ എഴുതി വച്ചതു കണ്ടതിനാൽ അടുത്ത ദിവസം രാവിലെ തന്നെ അവിടെയെത്തി ക്യൂവിൽ നിന്നു. പ്രതീക്ഷിച്ച അത്ര തിരക്കുണ്ടായിരുന്നില്ല.. കാരണം കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് ഗൈഡഡ് ടൂർ ആയിരുന്നു. അതിൽ ടൂർ ഗൈഡിനൊപ്പം അവരുടെ തന്നെ ട്രെക്കിൽ 27 കിലോമീറ്റർ ദൂരത്തിലുള്ള പ്രധാന പോയിന്റുകൾ എല്ലാം കാണാം. മാത്രമല്ല വഴിയിലെ ചില ഭാഗങ്ങൾ അല്പം ദുർഘടം പിടിച്ചതും ആണ്. കാർ എങ്ങാനും കേടായാൽ ഏറ്റവും അടുത്തുള്ള ട്ടോ സെന്റർ 60 കിലോമീറ്റർ അകലെയാണ്. വഴിയിൽ ഒരിടത്തും മൊബൈൽ ഫോണിന് റേഞ്ച് ഇല്ല. ഗൈഡഡ് ടൂറിൽ അപ്പോഴും സീറ്റ് ഒഴിവുണ്ടായിരുന്നു . പക്ഷെ പ്രശനമെന്തെന്നു വെച്ചാൽ അതിൽ പോയാൽ എല്ലാ പോയന്റിലും നിർത്തുമെങ്കിലും പ്രധാനപ്പെട്ട കുറച്ചു പോയിന്റുകളിൽ മാത്രമേ വാഹനത്തിൽ നിന്നും പുറത്തിറങ്ങാൻ പറ്റൂ. മാത്രമല്ല ഓരോ പോയന്റിലേക്കും ഗ്രൂപ്പിലുള്ള മുഴുവൻ പേരും ഒരുമിച്ചു പോകുന്നത് കൊണ്ട് ഒരു സ്ഥലവും കുറച്ചു നേരത്തേക്ക് പോലും നമുക്ക് സ്വന്തമായി കിട്ടുകയുമില്ല 😁. അത് കൊണ്ട് കാറിൽ തന്നെ പോകാമെന്നു വച്ചു . കുറച്ചു ദൂരം മൺപാതക്കു പകരം പാറപുറത്തു കൂടെ ഡ്രൈവ് ചെയ്യണം എന്നതിഴിച്ചാൽ വേറെ വലിയ ദുർഘടം ഒന്നും ഭാഗ്യത്തിന് വഴിയിൽ ഉണ്ടായില്ല.

 

 

hogan

ഹോഗൻ എന്ന് വിളിക്കുന്ന മൺകുടിൽ. നേറ്റീവ് അമേരിക്കൻസ് പണ്ട് താമസിച്ചിരുന്നത് ഇതുപോലെയുള്ള ഹോഗണുകളിൽ ആയിരുന്നു. ഇപ്പോൾ ആരും സ്ഥിരതാമസത്തിനായി ഉപയോഗിക്കുന്നില്ലങ്കിലും പല കുടുംബങ്ങൾക്കും ഇത് പോലുള്ള ഹോഗണുകൾ ഉണ്ട്. ഇവിടെ എത്തുന്ന ടൂറിസ്റ്റുകൾക്ക് പൂർണമായ നവഹോ അനുഭവം നൽകാൻ ചിലർ ലോഡ്ജ് ആയും ഉപയോഗപ്പെടുത്തുന്നുണ്ട്.      

Monument valley

മോണുമെന്റ് വാലി . 17 മൈൽ ഡ്രൈവിലെ ഒരിടം 

 

Monument valley

മോണുമെന്റ് വാലി . 17 മൈൽ ഡ്രൈവ്