വീരൻപുഴ - നെടുങ്ങാട്

Give your rating
Average: 4 (2 votes)
banner
Profile

Jasmin Nooruniza

Loyalty Points : 445

Total Trips: 12 | View All Trips

Post Date : 21 Jan 2022
4 views

വീരൻപുഴ - നെടുങ്ങാട്

വീരൻപുഴ എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയണം എന്നില്ല. മധുരരാജ ഷൂട്ടിങ് ലൊക്കേഷൻ എന്ന് പറയുന്നതാവും കുറച്ചു കൂടി എളുപ്പം. പല ഫോട്ടോസിലും വീരൻപുഴയിലെ സൂര്യാസ്തമയ ഭംഗി കണ്ടിട്ടുണ്ട്. അത്കൊണ്ട് തന്നെ വൈകുന്നേരം ആണ് അവിടേക്ക് പോയത്. എറണാകുളം ഞാറക്കലിന് അടുത്ത്‌ നെടുങ്ങാട് ആണ് വീരൻപുഴ.

കടമക്കുടിയോട് ചേർന്ന് കിടക്കുന്ന സ്ഥലം ആയത് കൊണ്ട്, വീരൻപുഴയ്ക്കും ഏകദേശം കടമക്കുടിയുടെ ഭംഗി ആണ്. ആദ്യം തന്നെ നമ്മളെ സ്വാഗതം ചെയ്യുന്നത് വീതി കുറഞ്ഞ റോഡും, റോഡിന് ഇരുവശവും നിരയൊപ്പിച്ചു നിൽക്കുന്ന തെങ്ങുകളും, കണ്ണെത്താ ദൂരത്തോളം, പരന്ന് കിടക്കുന്ന ചെമ്മീൻ പാടങ്ങളുമാണ്. പഴയ കാല കേരളത്തെ ഓർമിപ്പിക്കുന്ന ഗ്രാമീണ ഭംഗി.

മധുരരാജ സിനിമ ഷൂട്ട് ചെയ്തതിന് ശേഷമാണ് ഇവിടേക്ക് കൂടുതൽ ആളുകൾ വന്ന് തുടങ്ങിയത്.    വൈകുന്നേരങ്ങളിൽ കുറച്ചു നേരം വന്നിരിക്കാൻ പറ്റിയ ഒരു ചെറിയ സ്ഥലം. വെറുതെ സ്ഥലം മാത്രം കാണാതെ ചുറ്റിനും കണ്ണോടിച്ചാൽ, പച്ചയായ ജീവിതങ്ങളും കാണാം. വൈകുന്നേരത്തെ കറിയ്ക്ക് വേണ്ടി ചൂണ്ട ഇടുന്നവരും, ചെറിയ വല വീശി മീൻ പിടിക്കുന്നവരും, ചെറിയ കൊതുമ്പ് വള്ളത്തിൽ വന്ന് മീൻ പിടിക്കുന്നവരും… അങ്ങനെ ഓരോ കാഴ്ച്ചകൾ. അതൊക്കെ കണ്ട് നടന്നപ്പോഴാണ് ജോയി ചേട്ടനെയും, വൽസലൻ ചേട്ടനെയും പരിചയപ്പെട്ടത്.

എങ്ങനെ ആണ് കായലിൽ നിന്ന് വെള്ളം പാടത്തേക്ക് കയറ്റി ചെമ്മീൻ‌ കൃഷി ഇറക്കുന്നത് എന്നും, വിളവ് എടുക്കുന്നത് എങ്ങനെ എന്നും, എത്ര ചിലവ് വരും എന്നും, എല്ലാം രണ്ടാളും കൂടി പറഞ്ഞ് തന്നു. പല സ്ഥലത്തും പോകുമ്പോഴും ചെമ്മീൻ പാടം കാണാറുണ്ടെങ്കിലും അതിന് ഇത്രമേൽ കഷ്ടപ്പാട് ഉണ്ടെന്ന് അറിയുന്നത് തന്നെ അപ്പോഴാണ്.

പാട്ടത്തിന് എടുത്താണ് പാടത്ത്‌ കൃഷി ഇറക്കുന്നത്. പാട്ടത്തിന്റെ കാലാവധി തീരുന്നത് വരെ ആരെങ്കിലും, എപ്പോഴും പാടത്തിന് കാവൽ നിൽക്കണം. വൈകുന്നേരങ്ങളിൽ പാടത്തേക്കുള്ള ബണ്ട് തുറന്ന് കായലിൽ നിന്ന് വെള്ളം പാടത്തേക്ക് കയറ്റും. ദിവസവും മിനിമം രണ്ട് മണിക്കൂർ വീതം ഇങ്ങനെ ചെയ്താണ് പാടത്ത്‌ വെള്ളം നിറക്കുന്നത്.

സൂര്യൻ അസ്തമിക്കുന്നത് വരെ അവരുടെ കഥകൾ കേട്ട്, ഇത്രയും ലൈവ് ആയി കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദിയും പറഞ്,  ബണ്ട് തുറക്കുന്ന കാഴ്ച്ചകളും, സൂര്യാസ്തമയവും കണ്ട് വീട്ടിലേക്ക് തിരിച്ചു.

ഈ യാത്രയുടെ വിശദമായ വീഡിയോ എന്റെ യൂട്യൂബ് ചാനലിൽ (Jasmin Nooruniza) അപ്‌ലോഡ് ചെയ്തിട്ടുണ്ട്.