മഴക്കാടുകളും പ്രകൃതിയെയും തേടി
ശിവൻ്റെ മുഖം എന്നർത്ഥം വരുന്ന ഷിമോഗ (ഇപ്പോഴത്തെ ഷിവമോഗ) യിലേക്കൊരു യാത്ര.
ശിവൻ്റെ മുഖം എന്നർത്ഥം വരുന്ന ഷിമോഗ (ഇപ്പോഴത്തെ ഷിവമോഗ) യിലേക്കൊരു യാത്ര ,23 വർഷങ്ങൾക്ക് മുമ്പ് ആദ്യമായി നാട്ടിൽ നിന്നും വീട്ടിൽ നിന്നും മാറി ജീവിച്ച നാട് , എന്ത് കൊണ്ടോ ആ നാടിനെ ഏറെ ഇഷ്ടമായിരുന്നു , ഇപ്രാവശ്യത്തെ രണ്ടാം ശനിയും ഞായറും ഷിമോഗയിലേക്കോ ഏറെ നാളായി ആഗ്രഹിക്കുന്ന തേനി കമ്പം മുന്തിരി തോട്ടത്തിലേക്കോ എന്ന കൺഫ്യുഷനിലിരിക്കുമ്പോഴാണ് നമ്മുടെ കാലാവസ്ഥ മുന്നറിയിപ്പുക്കാരുടെ ജാഗ്രത നിർദ്ധേശം ,നീരിക്ഷകരുടെ പ്രവചനം അടുത്തുണ്ടായിരുന്ന തവളയുടെ കരച്ചിൽ കേട്ടാണോ എന്തോ....
പ്രവചനം പാളിയെങ്കിലും എൻ്റെ യാത്ര ഷിമോഗയിലേക്ക് തന്നെ തീരുമാനിച്ചു ഹൊണ്ണവർ വരെ ട്രെയിനിൽ പോയി സാഗർ ബസ് പിടിച്ച് ജോഗിൽ ഇറങ്ങിയാൽ ജോഗ് ഫാൾസിലും അവിടെ നിന്ന് 100 കിലോ മീറ്റർ സഞ്ചരിച്ചാൽ ഷിമോഗയിലെത്താം ,പക്ഷെ കാനന പാതയിലുടെയുള്ള യാത്രകളിൽ ബൈക്ക് യാത്രകളിൽ ലഭിക്കുന്ന ആസ്വാദനം മറ്റൊന്നിലും ലഭിക്കില്ല , ഇരു വശത്തുമായി അറുന്നൂറ് കിലോ മീറ്ററിലധികം ഒറ്റക്ക് ഡ്രൈവ് ചെയ്യണം
ഞാനും മകനും ശനിയാഴ്ച്ച പുലർച്ചെ 5.30 ന് എൻ്റെ ബജാജ് ഡിസ്ക്കവറി ബൈക്കിൽ യാത്ര തിരിച്ചു , പുലർച്ചെയായത് കൊണ്ടാവും മൽപ്പെയിലേക്കുള്ള മീൻ വണ്ടികളും മീൻ വണ്ടികളിലെ പുറം തള്ളുന്ന മലിനജലവും അസഹനീയമായ ദുർഗന്ധമായിരുന്നു മംഗലാപുരത്ത് നിന്ന് പ്രഭാത ഭക്ഷണവും കഴിച്ച് കാർക്കള വഴി 17 ഹെയർപിൻ വളവുകൾ കയറി സമുദ്രനിരപ്പിൽ നിന്ന് 2170 ft ഉയരത്തിലുള്ള എറ്റവും കൂടുതൽ മഴ ലഭിക്കുന്ന സൗത്ത് ഇന്ത്യയിലെ ചീറാപൂഞ്ചി എന്നറിയപ്പെടുന്ന ആഗൂംബെയിലേക്ക് , ഷിമോഗ ജില്ലയിലെ തീർത്തഹള്ളി താലുക്കിലെ എറ്റവും ഉയരത്തിലുള്ള ആഗുംബെ എന്ന ഗ്രാമം പശ്ചിമഘട്ട മലനിരകളാലും മഴകാടുകളാലും സമൃദ്ധമാണ് , മൂർഖൻ പാമ്പുകൾ എറ്റവും കൂടുതൽ വസിക്കുന്ന കാടുകളിൽ ഒന്നായത് കൊണ്ട് തന്നെ "cobra capital " എന്നും അറിയപ്പെടുന്നു , ആഗുംബെ ചുരത്തിലെത്തിയാൽ പൈനാപ്പിൾ പ്രത്യേക മസാല പുരട്ടി വിൽക്കാനെത്തുന്നവർ മുമ്പ് ധാരാളമുണ്ടായിരുന്നു , അതൊരു പ്രത്യേക രുചി തന്നെയായിരുന്നു യുനെസ്കോ ലോക പൈതൃക പട്ടികയിലിടം നൽകിയിട്ടുള്ള പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ് രാജവെമ്പാലകളുടെ തലസ്ഥാന ഗ്രാമമായ ആഗുംബെ
ആഗുംബെ ചുരത്തിലൂടെയുള്ള യാത്രയിൽ യഥേഷ്ടം വാനരന്മാരെ കാണാം ,അൽപ്പം മാറി നിന്ന് അവരുടെ വികൃതികൾ ആസ്വദിക്കാൻ നല്ല രസം ,ഇടക്കിടെ ഹനുമാൻ കുരങ്ങുകളും ഈ മലനിരകൾക്കിടയിലുണ്ട് മഴയും നല്ല തണുപ്പുo പ്രതീക്ഷിച്ചെത്തിയ ഞങ്ങൾക്കെവിടെയും മഴയോ കടുത്ത തണുപ്പോ ലഭിച്ചില്ല ,പക്ഷെ പോകുന്ന വഴികളിലെ ഏറെ കുറെ എല്ലാ കഴ്ച്ചകളും ദൃശ്യവിരുന്ന് തന്നെയായിരുന്നു ,കൃത്യമായ ഇടവേളകളെടുത്ത് യാത്ര ചെയ്യുന്നതിനാൽ ഗൂഗിൾ പറയുന്ന യാത്ര ദൈർഘ്യത്തെക്കാൾ കൂടുതൽ സമയമെടുത്തു ഞങ്ങളുടെ യാത്രക്ക്
പാതകളും സുന്ദരമായ പാതയോര കാഴ്ച്ചകളും യാത്രയെ ഏറെ ആകർഷനമാക്കുന്നു , കാട്ടിലൂടെയുള്ള യാത്രകളിൽ കാട്ടാനകളെയും മറ്റു വന്യമൃഗങ്ങളെയും പ്രതീക്ഷിച്ച ഞങ്ങൾക്ക് ആനയെ കാണാൻ സാക്റബൈൽ ആന ക്യാമ്പിലേക്ക് തന്നെ പോകേണ്ടി വന്നു , ആനകളുടെയും കൊമ്പനാനകളുടെ യും കാഴ്ച്ചകൾ ഏറെ ആനന്ദകരം ഒന്നേമുക്കാലോട് കൂടി സമുദ്രനിരപ്പിൽ നിന്ന് 1900 ft ഉയരത്തിലുള്ള ഗ്രാമീണ പട്ടണമായ ശിമോഗയിലെത്തി ,മുമ്പ് യഥേഷ്ടം കരിമ്പ് ,നെൽ കൃഷികളും കാണാമായിരുന്നെങ്കിലും ഇന്ന് നാമമാത്ര നെൽകൃഷികൾ മാത്രം അങ്ങിങ്ങായി കാണാം ,എന്തായാലും ഷിമോഗ പഴയ ഷിമോഗയല്ല ഒരുപാട് മാറിയിരിക്കുന്നു , വളരെ തിരക്കേറിയ പട്ടണമായി മാറി ,കേരളത്തിലേക്കടക്കം അരിയും പഞ്ചസാരയും ഷിമോഗയിൽ നിന്നായിരുന്നു കയറ്റുമതി ചെയ്തിരുന്നത് , ഷിമോഗ പട്ടണ കാഴ്ച്ചകൾ കണ്ട ശേഷം മുമ്പ് ജോലി ചെയ്തിരുന്ന ബ്രൈറ്റ് ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു ,ഒന്നും പറയാനില്ല , ബ്രൈറ്റ് ഹോട്ടലിലെ പ്രധാന വിഭവമായ ചിക്കൻ കബാബും പെറോട്ടയും ഒരിക്കൽ കഴിച്ചവർ പിന്നീട് മിസ്സ് ചെയ്യില്ല
അടുത്ത ലക്ഷ്യം ഷിമോഗ മൃഗശാലയും ജോഗ് ഫാൾസുമായിരുന്നെങ്കിലും ജോഗിൽ വെള്ളം വളരെ കുറവാണെന്ന സുഹൃത്തുകളുടെ വാക്കുകൾ മുഖവിലക്കെടുത്ത് ലയൺസഫാരി കണ്ട ശേഷം ചിക്ക മംഗളൂരിലേക്ക് യാത്ര തിരിക്കാൻ തീരുമാനിച്ചു , ഞാൻ മുമ്പ് സുഹൃത്തുക്കളോടൊപ്പം ജോഗ് ഫാൾസിൽ താഴെ ഇറങ്ങി കുളിച്ച് ആസ്വദിച്ചിരുന്നു ,ഇന്ന് താഴെയിറങ്ങാൻ അനുമതിയില്ല ഷിമോഗ തിരക്കേറിയ അശോക ജംഗ്ഷനിലൂടെ ഞങ്ങളുടെ യാത്ര ഷിമോഗയുടെ ഗ്രാമീണ സൗന്ദര്യങ്ങളും ആസ്വദിച്ച് ലയൺസഫാരിയിലേക്ക് , ലയൺ സഫാരിക്ക് 200 രൂപയാണ് ഫീസ് ,എൻട്രി ഫീ 80 വേറെ നൽകണം ,എന്തോ ഞാൻ സന്ദർശിച്ച മൃഗശാലകളിൽ എനിക്ക് ഇഷ്ടപ്പെടാത്ത മൃഗശാല ഷിമോഗയിലേയായിരുന്നു ,മാൻ കൊമ്പുകൾ അടുത്ത് കാണാനും ഫോട്ടോ എടുക്കാനും സൗകര്യമുണ്ട് ലയൺസഫാരി സമയം വൈകിയതിനാൽ പോകാൻ സാധിച്ചില്ല
തിരിച്ച് ഷിമോഗ സിറ്റി സെൻ്ററും മറ്റും കാഴ്ച്ചകളും കണ്ട് ഭദ്രാവതിക്കരികിലൂടെ സയാഹ്ന കാഴ്ച്ചകളും കണ്ട് ചിക്ക മംഗളൂരിലേക്ക് എട്ട് മണിയോടെ " Land of Cofee" എന്നറിയപ്പെടുന്ന ചിക്ക മംഗളൂരിലെത്തി ടൗണിലെ രാത്രി കാഴ്ച്ചകൾ കണ്ട് കൊണ്ട് താമസിക്കാൻ റൂം നോക്കിയെങ്കിലും റെൻ്റ് കൂടുതൽ അല്ലെങ്കിൽ റൂം ഫുൾ , ദീപാവലി അവധിയായതിനാൽ ഏറെ കുറെ നല്ല തിരക്ക് ,നല്ല യാത്ര ക്ഷീണമുണ്ട് ,റൂം കിട്ടാത്തതിനാൽ ചിക്ക മംഗളൂരിൻ്റെ അടുത്ത പട്ടണമായ മുഡിഗെരയിലേക്ക് വിട്ടു ,റോഡിൽ ഒറ്റപ്പെട്ട വാഹനങ്ങൾ മാത്രം ,റൂം കിട്ടിയില്ലെങ്കിൽ ചിക്ക മംഗളൂരിൻ്റെ പ്രകൃതിയെ തൊട്ടറിയാതെ അടുത്ത പട്ടണത്തിലേക്ക് പോകേണ്ടി വരും ഭാഗ്യ പക്ഷാൽ മുഡിഗെരെ താലുക്കാശുപത്രിക്ക് മുന്നിൽ 400 രുപ ക്ക് റൂം കിട്ടി , നീണ്ട യാത്ര കഴിഞ്ഞ് നല്ലൊരു വിശ്രമം ആവശ്യമാണ് , വീട്ടിൽ നിന്ന് മാറി എവിടെയായാലും ഉറക്കകുറവ് സ്ഥിരം പരിപാടിയാണ് എന്നാലും നല്ലൊരു വിശ്രമം കിട്ടിയ സന്തോഷത്തിൽ രാവിലെ എണിച്ച് ദേവർമനെയിലേക്ക് വിട്ടു ...
ദേവർമനയിലേക്ക് ഞങ്ങൾ പോയ പാത ഏറെ ദുർഗഡമായിരുന്നു , ഇത്രയൊക്കെ ബുദ്ധിമുട്ടി അവിടെം വരെ പോയാൽ ഗുണമുണ്ടാകുമോ എന്ന ചിന്ത പുകഞ്ഞ് കൊണ്ടിരുന്നു , ദേവർമനയുടെ ദൂരം കുറഞ്ഞ് വരുന്നതിനനുസരിച്ച് മനസും ശരീരവും പ്രകൃതി ഒരുക്കിയ സൗന്ദര്യത്തിൽ അലിഞ്ഞ് തുടങ്ങിയിരുന്നു ആകാശത്ത് ആരെയും വിസ്മയിപ്പിക്കുന്ന നീലാകാശവും പച്ചപ്പ് നിറഞ്ഞ കുന്നുകളും കാപ്പിത്തോട്ടങ്ങളും .. ,കണ്ടാലും കണ്ടാലും മതിവരാത്ത, മടങ്ങി വരാൻ തോന്നാത്ത ദേവർ മന ബേട്ട ,സമുദ്രനിരപ്പിൽ നിന്ന് 3580 ft ഉയരത്തിലാണ് നിലകൊള്ളുന്നത് ,ഇത്തരം കാഴ്ച്ചകൾ തന്നെയാണ് വിശ്രമിക്കേണ്ട ഓരോ നിമിശങ്ങളും യാത്രക്ക് വേണ്ടി മാറ്റിവെക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് , പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരികളുടെ എറ്റവും വലിയ ലഹരിയാവും ഇത്തരം കാഴ്ച്ചകൾ ,ചിക്ക മംഗളുരിൻ്റെ മുഖ്യ ആകർഷണം തന്നെയാണ് ദേവർമന ,അപ്രതീക്ഷിതമായാണ് ഇവിടെയെത്തിയതെങ്കിലും തിരിച്ച് പോകാൻ തോന്നാത്ത ഒരു യാത്രാനുഭവമായി മാറി ,
ഇന്ന് രാത്രിയോടെ വീട്ടിലെത്തണം ,മകന് നാളെ ക്ലാസുണ്ട് ,എനിക്ക് ഡ്യുട്ടിയുമുണ്ട് ,അധികം വൈകാതെ ചിക്ക മംഗളൂരിൻ്റെ സൗന്ദര്യം മാത്രം ആസ്വദിക്കാനെത്താമെന്ന തീരുമാനത്തോടെ ചാർമാടി ലക്ഷ്യമാക്കി വിട്ടു ഏതോ ഒരു സ്വപ്ന ലോകത്തെന്ന പോലെയുള്ള പാത ,പച്ചപ്പിനാൽ പുതച്ച സുന്ദരമായ മലകൾ ,ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ, നിറയെ വാനരന്മാർ പിന്നിട്ട വഴികളിലൂടെയുള്ള ഗ്രാമീണ കാഴ്ച്ചകളും പ്രകൃതി സൗന്ദര്യങ്ങളും യാത്രകളെ ലഹരിപിടിപ്പിക്കുന്നതായിരുന്നു മസിനഗുഡി വഴിയുള്ള ഊട്ടി യാത്രയെക്കാൾ സുന്ദരം ഈ പാതയായി എനിക്ക് തോന്നി യാത്ര 500 കിലോ മീറ്റർ പിന്നിടുമ്പോഴും അനേകം വിനോദ സഞ്ചാരികളുണ്ടെങ്കിലും കേരള വണ്ടികൾ വളരെ അപൂർവമായിരുന്നു ചർമാടിയും ഉജിറെയും കഴിഞ്ഞതോടെ ചൂട് കൂടി തുടങ്ങി , മംഗലാപുരത്തെ മാളുകളൊക്കെ കണ്ട് രാത്രിയോടെ വീട്ടിൽ തിരിച്ചെത്തി ..
Date November 11 and 12 2023
ശരീഫ് ചെമ്പിരിക്ക 7559984490